NewsTrending

ഇലക്ട്രിക്ക് ഓട്ടോറിക്ഷകള്‍ക്കെതിരെ ഭീഷണി ഉയരുന്നു


വടകര: നഗരത്തിലോടുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്കെതിരെ ഒരു കൂട്ടം ഓട്ടോ ഡ്രൈവര്‍മാര്‍ രംഗത്ത്. കൗതുകം തോന്നി ആളുകള്‍ ഇലക്ട്രിക് ഓട്ടോറിക്ഷകളില്‍ കയറുന്നത് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ചിലര്‍ എതിര്‍പുമായി രംഗത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം പുതിയ ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരെ കയറ്റുമ്പോള്‍ ഒരു സംഘം ഡ്രൈവര്‍മാര്‍ ഓട്ടോ തടഞ്ഞ് മാങ്ങാട്ട് പാറയിലേക്ക് പോവുകയായിരുന്ന മൂന്നു പേരെ ഇറക്കിവിട്ടു. വിഎം പെര്‍മിറ്റില്ലാതെ ട്രാക്കില്‍ വെച്ച് ഓടാന്‍ അനുവദിക്കില്ലെന്നു പറഞ്ഞാണ് ഇവര്‍ തടഞ്ഞത്. എന്നാല്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടില്ലെന്നും പോകുന്ന വഴിയില്‍ യാത്രക്കാര്‍ കൈ കാണിച്ച് കയറുകയായിരുന്നുവെന്നും ഡ്രൈവര്‍ പറയുന്നു. എന്തെങ്കിലും കാരണം പറഞ്ഞ് വാഹനം തടയുന്ന രീതിയാണ് കണ്ടുവരുന്നത്.
വര്‍ധിച്ചുവരുന്ന ഇന്ധനചെലവു കണക്കിലെടുത്താണ് ഇലക്ട്രിക് ഓട്ടോ വാങ്ങി ഡ്രൈവര്‍മാര്‍ എത്തുന്നത്. മലിനീകരണം കുറവെന്ന കാരണത്താല്‍ സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുകയും ചെയ്യുന്നു. എന്നാല്‍ എതിര്‍പ് ഉയരുന്നത് പ്രതീക്ഷക്കു ഭീഷണിയാവുകയാണ്.
ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് നഗരത്തില്‍ വിഎം പെര്‍മിറ്റ് അനുവദിച്ചു തുടങ്ങിയിട്ടില്ല. സര്‍ക്കാര്‍ പ്രചാരണം നല്‍കുന്നതു കൊണ്ട് വന്‍ തോതില്‍ ഇലക്ട്രിക് ഓട്ടോകള്‍ നഗരത്തില്‍ ഇറങ്ങുന്നുമുണ്ട്. കോഴിക്കോട് കഴിഞ്ഞ ദിവസമുണ്ടായ രീതിയിലാണ് വടകരയിലും ഓട്ടോറിക്ഷകള്‍ തടയുന്നത്. ബാങ്ക് വായ്പയെടുത്താണ് പലരും ഓട്ടോ വാങ്ങിയത്. ഓട്ടം മുടങ്ങിയാല്‍ തിരിച്ചടവിനെ ബാധിക്കും.
എതിര്‍പ് ഉയരുന്ന സാഹചര്യത്തില്‍ യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാനാണ് ഇലക്ട്രിക് ഓട്ടോഡ്രൈവര്‍മാരുടെ തീരുമാനം.

Show More

Related Articles

Back to top button
error: Content is protected !!