Art& LiteratureTrending

മാഞ്ഞത് രാഷ്ട്രീയത്തിലെ ശ്രേഷ്ഠ കവി

രാഷ്ട്രീയത്തിലും സാഹിത്യത്തിലും ഒരുപോലെ തിളങ്ങിയ കടത്തനാടിന്റെ പ്രിയ നേതാവും കവിയുമായ കടമേരി ബാലകൃഷ്ണന്‍ മാസ്റ്റര്‍ക്കു നാടിന്റെ വിട. അധ്യാപനത്തെ ശ്രേഷ്ഠമായി കണ്ടതിനൊപ്പം രാഷ്ട്രീയരംഗം സാംസ്‌കാരിക സമ്പുഷ്ടമാക്കുന്നതിനു സാഹിത്യ-കലാപ്രവര്‍ത്തനം അനിവാര്യമാണെന്നും അദ്ദേഹം നിലപാടെടുത്തു. പതിറ്റാണ്ടുകള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനത്തിലും സജീവമായി അദ്ദേഹം.
ഏറെ കാലത്തെ പരിശ്രമത്തിനു ശേഷം ബാലരാമായണം രചിച്ചതിലെ അതിയായ ആഹ്ലാദത്തിലായിരുന്നു ബാലകൃഷ്ണന്‍ മാസ്റ്റര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് രചനയാരംഭിച്ച ബാലരാമായണത്തിന്റെ പ്രകാശനം 2016ലായിരുന്നു വടകരയില്‍ നടന്നത്. മഹാകവി കുമാരനാശാന്‍ രചിച്ച ബാലരാമായണത്തില്‍ മൂന്നു കാണ്ഡങ്ങളാണുള്ളത്. ബാക്കി കാണ്ഡങ്ങള്‍ ആശാന്‍ എഴുതുകയുണ്ടായില്ല. ഇതിന്റെ ബാക്കി ഭാഗം രചിക്കണമെന്ന ആഗ്രഹം ബാലകൃഷ്ണന്‍ മാസ്റ്റര്‍ക്ക് മുമ്പേ ഉണ്ടായിരുന്നു. കിഷ്‌കിന്ധകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം എന്നിവ ആദ്യം എഴുതി പൂര്‍ത്തിയാക്കി. ഇക്കാര്യം ഒഎന്‍വി കുറുപ്പിനോട് പറഞ്ഞപ്പോള്‍ ആദ്യം മുതലേ എഴുതാന്‍ കവി നിര്‍ദേശിക്കുകയായിരുന്നു. സമ്പൂര്‍ണ ബാലരാമായണത്തിന് അവതാരിക എഴുതിയത് മഹാകവി അക്കിത്തമാണ്. ആലങ്കോട് ലീലാകൃഷ്ണന്റെ പഠനവുമുണ്ട്.
കുട്ടികള്‍ക്ക് അനായാസേന വായിച്ച് ആസ്വദിക്കാവുന്നവിധത്തിലുള്ള ഈ സമ്പൂര്‍ണ്ണ ബാലരാമായണം മലയാളത്തെ സംബന്ധിച്ചിടത്തോളം അത്യാവശ്യമായ കൃതിയാണെന്ന് അക്കിത്തം അവതാരികയില്‍ വ്യക്തമാക്കുന്നു. കാലങ്ങളായി കുട്ടികള്‍ക്ക് മഹത്തായ കാവ്യകൃതികളോട് താത്പര്യമുണ്ടാവാന്‍ പ്രേരണ ചെലുത്തുന്ന ഉത്കൃഷ്ടകൃതിയായി ആശാന്റെ അപൂര്‍ണരാമായണം നമ്മുടെ ഭാഷയിലുണ്ടായിരുന്നു. ആശാന്റെ പൂര്‍ത്തിയാവാതെപോയ ആ മഹാദൗത്യത്തിനു ഒരു നൂറ്റാണ്ടു പ്രായമാകാറായ ഘട്ടത്തില്‍ കടമേരി ബാലകൃഷ്ണനെ ഈ നിയോഗമേല്‍പിച്ചതും കാലം തന്നെയാവണം.-എന്നാണ് ആലങ്കോട് ലീലാകൃഷ്ണന്‍ തന്റെ പഠനത്തില്‍ അഭിപ്രായപ്പെട്ടത്.
പുറമേരി കെ.ആര്‍. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ വായിക്കാന്‍ ലഭിച്ച പുസ്തകങ്ങളാണ് ബാലകൃഷ്ണന് സാഹിത്യരംഗത്തേക്ക് വഴിതുറന്നു കൊടുത്തത്. പഠിക്കുന്ന കാലത്ത് തന്നെ കവിതകള്‍ എഴുതുമായിരുന്നു. നാട്ടുകാരുടെ പ്രിയപ്പെട്ട കടമേരി 36 വര്‍ഷം തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്നു. കോഴിക്കോട് അധ്യാപക പരിശീലനകാലത്ത് നിരവധി എഴുത്തുകാരുമായി ബന്ധപ്പെടാന്‍ സാധിച്ചു. 1995 ലാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. ഒട്ടേറെ ശിശ്യസമ്പത്തും അദ്ദേഹത്തിന്റെ കൈമുതലായി.
കെപിസിസി നിര്‍വാഹകസമിതി അംഗമായ ബാലകൃഷ്ണന്‍ രാഷ്ട്രീയത്തിരിക്കിനിടയിലും കവിതയെ കൈവിടാന്‍ തയ്യാറാകുന്നില്ലെന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് ബാലരാമായണം. കൊച്ചുകുട്ടികള്‍ക്ക് പോലും എളുപ്പത്തില്‍ ഗ്രഹിക്കാന്‍ പറ്റുന്ന തരത്തിലാണ് ബാലരാമായണത്തിന്റെ രചന എന്ന് ആസ്വാദകര്‍ സാക്ഷ്യപ്പെടുത്തി. പിന്നീട് കോണ്‍ഗ്രസ് നേതാവ് എന്നതിനൊപ്പം ബാലരാമായണ കര്‍ത്താവ് എന്ന വിശേഷണവും കടമേരി ബാലകൃഷ്ണനു ലഭിച്ചു. അതില്‍ അദ്ദേഹം ഏറെ സന്തോഷിച്ചു. ഒട്ടേറെ സംഘടനകള്‍ കടമേരിയെ ആദരിച്ചു.
രാഷ്ട്രീയും സാഹിത്യവും ഇടകലര്‍ന്നു പോവുക സാംസ്‌കാരിക സമ്പന്നതയുടെ അടയാളമായി കാണുന്ന കാലമുണ്ടായിരുന്നു. പൊതുസമൂഹം അത്രയേറെ ആഗ്രഹിച്ചതായിരുന്നു ഈ ചേര്‍ച്ച. രാഷ്ട്രീയത്തിലും സാഹിത്യത്തിലും ഒരു പോലെ സജീവമായി നില്‍ക്കുക ഇന്നത്തെ ഇക്കാലത്ത് അപൂര്‍വമാണെങ്കിലും കടമേരി ബാലകൃഷ്ണന്‍ രണ്ട് മേഖലയിലും ഒരു പോലെ തിളങ്ങി. സാഹിത്യകാരന്മാര്‍ക്ക് പറ്റിയ ഇടമല്ല രാഷ്ട്രീയമെന്ന അധിക്ഷേപത്തെ അദ്ദേഹം തന്റെ ഇടപെടല്‍കൊണ്ട് വേറിട്ടതാക്കി. സാഹിത്യരംഗത്തെ മഹാരഥന്മാരെ പോലെ കടമേരിയും രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും തിളങ്ങി. നിരവധി സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ സംഘടനകളെ അദ്ദേഹം നയിച്ചു. ഗ്രാമപഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും ജനങ്ങളുടെ പ്രതിനിധിയായെത്തി. നിയമസഭയിലേക്കും മത്സരിച്ചു. അനിവാര്യമായ പ്രയാണത്തില്‍ ബാലകൃഷ്ണന്‍മാസ്റ്റരും കാലയവനിക്കു പിന്നില്‍ മറഞ്ഞു.– മഹാത്മാവേ വിട.

Show More

Related Articles

Back to top button
error: Content is protected !!