Art& LiteratureTrending

നൃത്തച്ചുവടില്‍ വിസ്മയം ചൊരിഞ്ഞ് മാനസ അശോക്


വടകര: മാനസ അശോക് എന്ന എട്ടാം ക്ലാസുകാരിയുടെ നൃത്തച്ചുവടുകള്‍ ആസ്വാദകരില്‍ ആനന്ദവും ഒപ്പം വിസ്മയവും ചൊരിയുന്നു. ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും തിളങ്ങിയ മാനസ നൃത്തത്തിലെ വേറിട്ട ശൈലിയിലാണ് ഇപ്പോള്‍ മുഴുകിയിരിക്കുന്നത്. കമഴ്ത്തി വെച്ച മണ്‍കുടത്തിനു മീതെയുള്ള നൃത്തമെന്ന പെരണി നാട്യം അഭ്യസിക്കുകയാണ് മാനസ.
കേരളത്തില്‍ പൊതുവെ കാണാന്‍ കഴിയാത്ത പ്രത്യേക കലാരൂപമായ പെരണി നാട്യം കലാഗ്രാമം സിറാജുദീനില്‍ നിന്നാണ് മാനസ പരിശീലിക്കുന്നത്. ദക്ഷിണേന്ത്യയിലെ ദേവദാസികളുടെ നടനമായാണ് ഈ നൃത്തരൂപം അറിയപ്പെടുന്നത്. കമഴ്ത്തിവെച്ച മണ്‍കുടത്തിനു മീതെ താളത്തില്‍ ചുവട് വെക്കുന്നത് അപൂര്‍വ കാഴ്ചയാകുന്നു.
മണ്‍പാത്രത്തിനു മീതെയുള്ള നൃത്തച്ചുവട് ആര്‍ജിച്ചെടുക്കാന്‍ നിരന്തര പരിശീലനം അനിവാര്യമാണ്. ചെറിയ അശ്രദ്ധയോ താളപ്പിഴയോ മതി മണ്‍കുടം തകരാന്‍. മൂന്നു വര്‍ഷമായി മാനസ പെരണി നാട്യം അഭ്യസിക്കുന്നു. ഏകാഗ്രതയും ശ്രദ്ധയും ഒപ്പം ശരിയായ ചുവടുവെപ്പും കൂടിയാവുമ്പോള്‍ നല്ലൊരു നടനം പൂര്‍ണമാവുന്നു.
ചോറോട് എരഞ്ഞോളി മീത്തല്‍ അശോകന്റെയും ശ്രീപയുടെയും മകളായ മാനസ റാണി പബ്ലിക് സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കോവിഡ് കാലത്ത് ഓണ്‍ലൈനില്‍ നടന്ന അഖിലേന്ത്യാ നൃത്ത മത്സരത്തില്‍ ഒന്നാം സ്ഥാനവും അന്താരാഷ്ട്ര ഡാന്‍സ് ഫെസ്റ്റില്‍ മൂന്നാം സ്ഥാനവും മാനസ അശോക് കരസ്ഥമാക്കി. നൃത്തത്തോടുള്ള അഭിനിവേശവും വേറിട്ട ശൈലിയും ഹൃദിസ്ഥമാക്കുന്നതില്‍ അതീവ തല്‍പരയാണ് മാനസ. അതുകൊണ്ട് തന്നെ കൂടുതല്‍ ഉയരങ്ങള്‍ താണ്ടാനുള്ള പരിശ്രമത്തിലാണ് ഈ കലാകാരി. മാതാപിതാക്കളുടെ അകമഴിഞ്ഞ പ്രോത്സാഹനവുമുണ്ട്.

Show More

Related Articles

Back to top button
error: Content is protected !!