Tourism

കരവിരുതിന്റെ വിസ്മയങ്ങള്‍ കാണാം; ഇരിങ്ങല്‍ സര്‍ഗാലയ വീണ്ടും സന്ദര്‍ശകരെ വരവേല്‍ക്കുന്നു

വടകര: കോവിഡ് അടച്ചുപൂട്ടലിന്റെ ഭാഗമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ച ഇരിങ്ങല്‍ സര്‍ഗാലയ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ് സന്ദര്‍ശകര്‍ക്കായി വീണ്ടും ഒരുങ്ങി. കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചു നാളെ (നവംബര്‍ 10) മുതല്‍ സര്‍ഗാലയ തുറന്നു പ്രവര്‍ത്തിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെ ആയിരിക്കും പ്രവേശനമെന്ന് വില്ലേജ് സിഇഒ പി.പി. ഭാസ്‌കരന്‍ അറിയിച്ചു.
മനോഹരമായ കോട്ടേജുകളില്‍ ഒരുക്കിയ കാഴ്ചപ്പൊലിമയാര്‍ന്ന കരകൗശലവസ്തുക്കളില്‍ ടെറാക്കോട്ട മ്യൂറല്‍, ടെറാക്കോട്ട ആഭരണങ്ങള്‍, ഡ്രൈ ഫ്‌ലവര്‍, ദാരുശില്‍പങ്ങള്‍, മരയുത്പന്നങ്ങള്‍, പള്‍പ് ശില്പങ്ങള്‍, ചിപ്പിയും മുത്തും കൊണ്ടുള്ള ആഭരണങ്ങള്‍, കൗതുകവസ്തുക്കള്‍, ലോഹ-കോണ്‍ക്രീറ്റ്-കളിമണ്‍ ശില്‍പങ്ങള്‍, കൈത്തറിയുല്‍പന്നങ്ങള്‍, തുണിസഞ്ചികള്‍, കോരപ്പുല്‍ പായ എന്നുതുടങ്ങി ഒട്ടെല്ലാമുണ്ട്. ചിരട്ട, ചകിരി, തഴ, പനനാര്, ഈറ്റ, മുള, പനമ്പ്, വൈക്കോല്‍ തുടങ്ങിയവകൊണ്ടുള്ള അലങ്കാരവസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, ആഭരണങ്ങള്‍ എന്നിവ വേറെയും.
കൗതുകത്തിനൊപ്പം വിവിധ ഉപയോഗങ്ങള്‍ക്കുള്ള കളിമണ്‍ പാത്രങ്ങള്‍, ചൂരല്‍ ഉല്‍പന്നങ്ങള്‍, ഗൃഹാലങ്കാര സാമഗ്രികള്‍, ഗൃഹ

ഓഫീസ് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയുടെ ശേഖരവുമുണ്ട്. ഇവയെല്ലാം കാണുകയും വാങ്ങുകയും ചെയ്യുന്നതോടൊപ്പം ഇവയുടെ നിര്‍മാണവും കാണാം. മുതിര്‍ന്നവര്‍ക്ക് 50-ഉം കുട്ടികള്‍ക്ക് 40-ഉം രൂപയാണ് ടിക്കറ്റ് നിരക്ക്. സ്‌കൂള്‍, വിനോദയാത്രാ സംഘങ്ങള്‍ക്കു പ്രത്യേക പാക്കേജുമുണ്ട്.
കുട്ടികളും കുടുംബവുമായി എത്തുന്നവര്‍ക്ക് ഇരിങ്ങല്‍ പുഴയില്‍ സ്പീഡ്, പെഡല്‍ ബോട്ടിങ് സൗകര്യമുണ്ട്. അക്വേറിയവും എംപോറിയവും നാടന്‍ വിഭവങ്ങളുമുള്ള ഭക്ഷണശാല, അതിവിശാലമായ പാര്‍ക്കിങ് സൗകര്യം, ഏതുതരം ചടങ്ങിനും യോജിച്ച എസി ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയവയും പ്രവര്‍ത്തനസജ്ജം ആയിട്ടുണ്ട്. എക്‌സിക്യൂട്ടീവ് താമസസൗകര്യവും എസി ഡോര്‍മിറ്ററിയും വിശാലമായ പാര്‍ക്കിങ് സൗകര്യവും സര്‍ഗാലയയെ സ്വയംപര്യാപ്തമാക്കുന്നു. കേരള ടൂറിസം വകുപ്പിനുവേണ്ടി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയാണ് സര്‍ഗാലയയുടെ നടത്തിപ്പ്.
ഇന്ത്യയിലെ ഏറ്റവും നല്ല ഗ്രാമീണ വിനോദസഞ്ചാരപദ്ധതിക്കുള്ള ദേശീയപുരസ്‌കാരവും സൗത്ത് ഏഷ്യാ ട്രാവല്‍ അവാര്‍ഡും നേടിയ

സര്‍ഗാലയ സംസ്ഥാനത്തെ ഏറ്റവും മികച്ച ടൂറിസം പദ്ധതിക്കുള്ള പുരസ്‌ക്കാരവും ടൂറിസം രംഗത്ത് സമഗ്രസംഭാവന നല്‍കി ആഗോളമാതൃക സൃഷ്ടിച്ചതിന് കേരള ടൂറിസം വകുപ്പിന്റെ പ്രത്യേക ബഹുമതിയും സ്വന്തമാക്കിയിട്ടുണ്ട്. സംസ്ഥാന ടൂറിസം വകുപ്പ് തയാറാക്കിയ ഏറ്റവും മികച്ച 12 ടൂറിസം അനുഭവങ്ങളായ ‘ഗോഡ്‌സ് ഡസനി’ല്‍ ഉള്‍പ്പെട്ട സര്‍ഗാലയയുടെ സ്ഥിരം കരകൗശലവിദഗ്ദ്ധന്‍ എന്‍.സി. അയ്യപ്പനെ തേടി വേള്‍ഡ് ക്രാഫ്റ്റ് കൗണ്‍സിലിന്റെ പുരസ്‌കാരവും എത്തിയിരുന്നു.
ഉത്തരവാദടൂറിസം നയത്തില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന ക്രാഫ്റ്റ് വില്ലേജ് കേരളത്തിലെ പരമ്പരാഗത കരകൗശല വിദഗ്ധര്‍ക്കു മികച്ച വിപണനസാധ്യതകളും അതിലൂടെ മെച്ചപ്പെട്ട ഉപജീവനവും സമ്മാനിക്കുന്നു. ഈ പങ്കാളിത്ത ടൂറിസം പദ്ധതി അന്യംനിന്നുകൊണ്ടിരിക്കുന്ന
പൈതൃകകലകളെ പുനരുജ്ജീവിപ്പിക്കാനും വളര്‍ത്താനും ലക്ഷ്യമിടുന്നു. ആണ്ടുതോറും ഡിസംബറിലും ജനുവരിയിലുമായി

രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള കരകൗശലവിദഗ്ധരും കലാകാരന്മാരും പങ്കെടുത്തു നടക്കുന്ന ദേശീയ കരകൗശലമേള ലക്ഷങ്ങളെ ആകര്‍ഷിച്ചുവരുന്നു.
കോഴിക്കോടു നഗരത്തില്‍നിന്നു 40 കിലോമീറ്റര്‍മാത്രം അകലെ സാമൂതിരിയുടെ പടനായകന്‍ കുഞ്ഞാലിമരയ്ക്കാര്‍ പടക്കപ്പലുകളെ നിരീക്ഷിക്കാന്‍ കയറി നില്ക്കാറുണ്ടായിരുന്ന പാറയുടെ ചുറ്റുമുള്ള ഇരുപതേക്കറിലാണു ക്രാഫ്റ്റ് വില്ലേജ്. പ്രസിദ്ധമായ വടകര ലോകനാര്‍കാവ് ക്ഷേത്രം, കൊളാവിപ്പാലം ആമവളര്‍ത്തുകേന്ദ്രം, കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ കോട്ട, സാന്‍ഡ് ബാങ്ക്‌സ് ബീച്ച് തുടങ്ങിയവ വിളിപ്പാടിനുള്ളിലാണ്. ചരിത്രം ഉറങ്ങുന്ന കടത്തനാടന്‍ മണ്ണില്‍ പ്രകൃതിയുടെ ഉദ്യാനമായ ഇരിങ്ങലില്‍ സര്‍ഗാലയ വീണ്ടും കരവിരുതിന്റെ വിസ്മയങ്ങള്‍കൊണ്ടു വസന്തം വിരിയിക്കുകയാണ്. sargaalaya.in എന്ന ലിങ്കിലൂടെ പ്രവേശനം ബുക്ക് ചെയ്യാം.

Show More

Related Articles

Back to top button
error: Content is protected !!