Gulf News & AbroadNews

പ്രവാസികള്‍ക്ക് നോര്‍ക്കയുടെ സ്റ്റാര്‍ട്ടപ് പദ്ധതി

മസ്‌കത്ത്: സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സാങ്കേതികാധിഷ്ഠിത ബിസിനസ് അവസരങ്ങള്‍ ഒരുക്കുന്നതിന് നോര്‍ക്കയും കേരള സ്റ്റാര്‍ട്ടപ് മിഷനും (കെ.എസ്.യു.എം) സംയുക്തമായി നോര്‍ക്ക പ്രവാസി സ്റ്റാര്‍ട്ടപ് പ്രോഗ്രാം (എന്‍.പി.എസ്.പി) നടപ്പാക്കുന്നു. പ്രവാസികളുടെ പ്രഫഷനല്‍ നൈപുണ്യത്തിനനുസൃതമായ പുനരധിവാസത്തിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പങ്കാളിത്ത മാതൃകയിലുള്ള സംരംഭങ്ങള്‍ സൃഷ്ടിക്കുന്നതിന് സമാന മനസ്‌കരായ പ്രവാസികളെ കണ്ടെത്തുന്നതിനും പദ്ധതി സഹായകമാണ്. പ്രവാസി സമൂഹത്തില്‍ത്തന്നെ ബിസിനസ് നെറ്റ്വര്‍ക്കും ഇന്‍വെസ്റ്റര്‍ നെറ്റ്വര്‍ക്കും രൂപവത്കരിക്കും. ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളുമായി മാര്‍ഗനിര്‍ദേശത്തിനും കണ്‍സള്‍ട്ടിങ്ങിനുമുള്ള അവസരങ്ങള്‍ പ്രവാസികള്‍ക്ക് പ്രയോജനപ്പെടുത്താനാകും. വിവിധ സ്റ്റാര്‍ട്ടപ് പദ്ധതികളിലൂടെ ധനസഹായം ലഭ്യമാക്കുന്നതിനും പദ്ധതി ഊന്നല്‍ നല്‍കും.
അനുയോജ്യരായ പ്രവാസികളെ സ്‌ക്രീനിങ് കമ്മിറ്റിയിലൂടെ തിരഞ്ഞെടുത്ത് മൂന്നുമാസത്തെ പ്രോഗ്രാമിന്റെ ഭാഗമാക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു മടങ്ങിയെത്തിയ പ്രവാസികളുടെ ഉപജീവനത്തിനായി വരുമാനം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച വായ്പ പദ്ധതിയായ നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്‌സിന്റെ (എന്‍.ഡി.പി.ആര്‍.ഇ.എം) സാമ്ബത്തിക സഹായത്തിന് അര്‍ഹതയുണ്ടായിരിക്കും. ഇതുപ്രകാരം 30 ലക്ഷം രൂപ വരെ 15 ശതമാനം മൂലധന സബ്‌സിഡിയോടെ (പരമാവധി മൂന്ന് ലക്ഷം രൂപ) വായ്പ ലഭിക്കും. കൃത്യമായ പലിശ തിരിച്ചടക്കുന്നവര്‍ക്ക് ആദ്യ നാലു വര്‍ഷം മൂന്നു ശതമാനം പലിശ ഇളവും ലഭിക്കും.
കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വിദേശത്തു ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്ത് കേരളത്തിലേക്ക് സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികള്‍ക്കാണ് നോര്‍ക്ക പ്രവാസി സ്റ്റാര്‍ട്ടപ് പ്രോഗ്രാമിലേക്കു അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്. അപേക്ഷിക്കുന്നതിനും വിശദവിവരങ്ങള്‍ക്കും norkapsp.startupmission.in എന്ന ലിങ്ക് സന്ദര്‍ശിക്കുക. വിശദവിവരം 08047180470 (രാവിലെ 8 മുതല്‍ രാത്രി 8 വരെ) (കേരള സ്റ്റാര്‍ട്ടപ് മിഷന്‍) നോര്‍ക്ക ടോള്‍ ഫ്രീ നമ്ബറുകളായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തുനിന്ന് മിസ്ഡ് കാള്‍ സേവനം) നമ്ബറുകളിലുw www.norkaroots.org എന്ന വെബ്‌സൈറ്റിലും ലഭിക്കും.

Show More

Related Articles

Back to top button
error: Content is protected !!