NewsTrending

വയോജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും വടകര നഗരസഭയുടെ കരുതല്‍; പകല്‍വീടും ഷീലോഡ്ജും മന്ത്രി ഉദ്ഘാടനം ചെയ്തു


വടകര: പകല്‍സമയത്ത് വീട്ടില്‍ ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങള്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി വടകരയിലെത്തി രാത്രി തങ്ങാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കും ഇനി വടകര നഗരസഭയുടെ അഭയം. വയോജനങ്ങള്‍ക്കു പകല്‍വീടും സ്ത്രീകള്‍ക്ക് ഷീ ലോഡ്ജും ഒരുങ്ങി. പുതിയാപ്പില്‍ നിര്‍മിച്ച ഇവ മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു .
സി.കെ.നാണു എംഎല്‍എ അധ്യക്ഷതവഹിച്ച ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ ശ്രീധരന്‍ സ്വാഗതം പറഞ്ഞു.
വീട്ടിലുള്ളവര്‍ ജോലിക്കും മറ്റും പോകുമ്പോള്‍ പകല്‍സമയത്ത് വീടുകളില്‍ ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങള്‍ക്കായാണ് പകല്‍വീട് നിര്‍മിച്ചത്. 15 പേര്‍ക്കുവരെ വിശ്രമിക്കാവുന്ന സൗകര്യം ഇവിടെയുണ്ട്. രാവിലെ വയോജനങ്ങളെ വീട്ടില്‍നിന്ന് കൂട്ടി വൈകീട്ട് തിരിച്ചുകൊണ്ടുവിടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. മരുന്ന്, ഭക്ഷണം തുടങ്ങിയവയും ലഭ്യമാക്കും. കോവിഡ് വ്യാപനം കുറഞ്ഞശേഷം മാത്രമേ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങൂ.
പരീക്ഷകള്‍, ഇന്റര്‍വ്യൂ, തൊഴില്‍പരമായ ആവശ്യങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം വടകരയിലെത്തുന്ന സ്ത്രീകള്‍ക്ക് ഒരുദിവസം തങ്ങാനാണ് ഷീ ലോഡ്ജ്. പൂര്‍ണമായും സ്ത്രീകളുടെ നേതൃത്വത്തില്‍ നടത്തുന്ന സ്ഥാപനമാണിത്. കുടുംബശ്രീക്കാണ് നടത്തിപ്പ് ചുമതല. അമ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ടുനിലകളില്‍ കെട്ടിടം പണിതത്. ഒരേസമയം 22 പേര്‍ക്ക് താമസിക്കാന്‍ കഴിയും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് രണ്ട് കെട്ടിടങ്ങളും നിര്‍മിച്ചത്.

Show More

Related Articles

Back to top button
error: Content is protected !!