Business & Agriculture

സിമന്റ് ഡീലര്‍മാര്‍ക്കായി വ്യാപാരി സമിതിയുടെ സംഘടന വരുന്നു


കോഴിക്കോട്: കേരളത്തിലെ സിമന്റ് വ്യാപാര രംഗത്ത് വ്യാപാരി-വ്യവസായി സമിതി നേതൃത്വത്തില്‍ ഡീലര്‍മാരുടെ പുതിയ സംഘടനക്ക് ശ്രമം തുടങ്ങി. എല്ലാ ജില്ലകളിലും കമ്മിറ്റികള്‍ രൂപീകരിക്കും. ഇതിന്റെ ഭാഗമായി 28നു കോഴിക്കോട്ട് യോഗം ചേരും.
സിമന്റ് വ്യാപാര രംഗത്ത് ലാഭക്കൊതി മൂത്ത കമ്പനികള്‍ വിലവര്‍ധനവ് അടിച്ചേല്‍പിക്കുമ്പോള്‍ സി ആന്റ് എഫ് മാരും നിലവിലുള്ള സംഘടനാ നേതൃത്വവും ഒത്തുകളിക്കുകയാണെന്ന പരാതി ഉയരുന്നുണ്ട്. ചില കമ്പനികളെ ബഹിഷ്‌കരിച്ച് മറ്റ് കമ്പനികള്‍ക്ക് നേട്ടമുറപ്പിക്കുകയാണ് ചെയ്യുന്നത്.
വിപണിയിലെ വിലയെ അസ്ഥിരമാക്കല്‍, ബില്‍ തുക കൂട്ടിയെഴുതി വ്യാപാരിയെ ബുദ്ധിമുട്ടിക്കല്‍, കൃത്രിമക്ഷാമത്തിലൂടെ വില കൂട്ടല്‍ ഉള്‍പ്പെടെ അനാരോഗ്യകരമായ പ്രവണതകളെ തിരുത്തിക്കാതെ കമ്പനികളുടെ ഇംഗിതമാണ് നിലവിലുള്ള സംഘടനാ നേതൃത്വം നടപ്പാക്കുന്നതെന്നാണ് പരാതി.
സിമന്റ് വ്യാപാര മേഖലയിലെ തെറ്റായ രീതികളെ ചെറുക്കാന്‍ ശേഷിയുള്ള സംഘടനയാണ് വ്യാപാരി സമിതി നേതൃത്വത്തില്‍ രൂപീകരിക്കുന്നത്. നിര്‍മാണമേഖലയിലെ പ്രധാന അസംസ്‌കൃത വസ്തുവായ സിമന്റിന്റെ വിപണിയില്‍ സര്‍ക്കാര്‍ നിയന്ത്രണം അനിവാര്യമാണെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ ഭാരവാഹിയോഗം വിലയിരുത്തി. പ്രസിഡണ്ട് സൂര്യ അബ്ദുള്‍ ഗഫൂര്‍, സി.കെ.വിജയന്‍, ടി. മരക്കാര്‍ എന്നിവര്‍ സംസാരിച്ചു.

Show More

Related Articles

Back to top button
error: Content is protected !!