Art& Literature

ബേപ്പൂര്‍ സുല്‍ത്താന് സ്മാരകമായി സാംസ്‌കാരിക തീര്‍ഥാടന കേന്ദ്രം; നടപടി തുടങ്ങി

കോഴിക്കോട്: സാംസ്‌കാരിക തീര്‍ഥാടന കേന്ദ്രമാവുന്നവിധം വൈക്കം മുഹമ്മദ് ബഷീറിന് നഗരത്തില്‍ ഉചിതമായ സ്മാരകം എത്രയും പെട്ടെന്ന് ഒരുക്കാന്‍ തീരുമാനം. ബേപ്പൂരില്‍ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകം നിര്‍മിക്കുന്നതിന് തയാറാക്കിയ കരടുരൂപരേഖയുടെ അവതരണ യോഗത്തിലാണ് തീരുമാനം. നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ ആര്‍ക്കിടെക്ട് വിനോദ് സിറിയക്ക് തയാറാക്കിയ രൂപരേഖ അവതരിപ്പിച്ചു.
ആംഫി തിയറ്റര്‍, അക്ഷരത്തോട്ടം പാര്‍ക്ക്, ഓഡിറ്റോറിയം, സാംസ്‌കാരിക കേന്ദ്രം തുടങ്ങിയവയെല്ലാമുള്ള, ബഷീറിന്റെ ജീവിതവും സാഹിത്യവും മനസ്സിലാക്കാവുന്ന പഠന ഗവേഷണ കേന്ദ്രം കൂടിയാണ് ഉയരുക. ബഷീറിനെപ്പറ്റിയുള്ള വിവിധ ഭാഷകളിലുള്ള ഗ്രന്ഥങ്ങള്‍, വിവര്‍ത്തനങ്ങള്‍, അദ്ദേഹത്തിന്റെ സ്മരണയുണര്‍ത്തുന്ന വസ്തുക്കള്‍ എല്ലാമുണ്ടാവും. കുട്ടികള്‍ക്കും പുതുതലമുറക്കും ബഷീറിനെ അടുത്തറിയാനാവുംവിധമാവും സംവിധാനം.
നഗരസഭയുടെ സ്ഥലത്ത് സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് ഉടന്‍ കേന്ദ്രം ഉയരണമെന്നും അതിനുള്ള എത്ര ഫണ്ടും ലഭ്യമാണെന്നും യോഗം വിലയിരുത്തി. നിലവിലുള്ള ബേപ്പൂര്‍ കമ്യൂണിറ്റി ഹാളിനോട് ചേര്‍ന്നായതിനാല്‍ വിവാഹം പോലുള്ള കാര്യങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യമുയര്‍ന്നു.
എം.എല്‍.എമാരായ വി.കെ.സി. മമ്മദ് കോയ, പുരുഷന്‍ കടലുണ്ടി, എ.പ്രദീപ് കുമാര്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സുഭാഷ് ചന്ദ്രന്‍, പി.കെ. പാറക്കടവ്, എന്‍.പി.ഹാഫിസ് മുഹമ്മദ്, ഖദീജ മുംതാസ്, പ്രദീപ് ഹുഡിനോ, കെ.ജെ.തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. ബഷീറിന്റെ മക്കളായ ഷാഹിന ബഷീര്‍, അനീഷ് ബഷീര്‍ എന്നിവരും പങ്കെടുത്തു.
രണ്ടുമാസം മുമ്പാണ് സ്പേസ് ആര്‍ട്ട് ആര്‍ക്കിടെക്ടിനെ രൂപരേഖ തയാറാക്കാന്‍ ചുമതലപ്പെടുത്തിയത്. ബേപ്പൂര്‍ കമ്യൂണിറ്റി ഹാള്‍ പൊളിച്ചുമാറ്റി അവിടെ സ്മാരകത്തിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കും. ഹാളിന്റെ തെക്ക് 82.69 സെന്റ് സ്ഥലമാണ് ഏറ്റെടുക്കുക. ബേപ്പൂര്‍ മണ്ഡലത്തിലെ ആയുര്‍വേദ ആശുപത്രിക്കായി കണ്ടെത്തിയ സ്ഥലമാണെങ്കിലും തീരസംരക്ഷണ നിയമപ്രകാരം കെട്ടിടം നിര്‍മിക്കാന്‍ പറ്റില്ലെന്ന് വ്യക്തമായതോടെയാണ് സ്ഥലം സ്മാരകത്തിനായി കൈമാറാന്‍ തീരുമാനിച്ചത്.
ബഷീര്‍ സ്മാരകമെന്ന ലക്ഷ്യത്തോടെ 2008ല്‍ സ്മാരക ഉപദേശകസമിതി രൂപവത്കരിച്ചിരുന്നു. സമിതി ചെയര്‍മാന്‍ കൂടിയായ അന്നത്തെ സാംസ്‌കാരിക മന്ത്രി എം.എ. ബേബി 50 ലക്ഷം രൂപയും അനുവദിച്ചിരുന്നു.

Show More

Related Articles

Back to top button
error: Content is protected !!