NewsVatakara

പൊതുസ്ഥലത്ത് കോഴിമാലിന്യം തള്ളി; വാഹനം കസ്റ്റഡിയില്‍, ശക്തമായ നടപടി വേണമെന്ന് സിപിഎം


വില്യാപ്പള്ളി: പൊതുസ്ഥലത്ത് മാലിന്യം തള്ളിയ സംഭവത്തില്‍ വാഹനം കസ്റ്റഡിയിലെടുത്തു. മയ്യന്നൂര്‍ എംഡിഎന്‍ കോഴിസ്റ്റാളിന്റെ ലോറിയാണ് വടകര പോലിസ് കസ്റ്റഡിയിലെടുത്തത്. വില്യാപ്പള്ളി-ആയഞ്ചേരി റോഡില്‍ കോഴി അവശിഷ്ടം ഉള്‍പെടെ തള്ളിയതിനാണ് നടപടി. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്. പഞ്ചായത്തിന്റെ പലയിടത്തും വന്‍തോതില്‍ മാലിന്യം തള്ളി കടന്നുകളയുന്നതിനു പിന്നില്‍ പഞ്ചായത്തിനെ ബോധപൂര്‍വം താറടിക്കാനുള്ള ശ്രമമാണെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്. വില്യാപ്പള്ളിയെ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചതിനു ശേഷമാണ് ഇത്തരം പ്രവൃത്തി നടക്കുന്നത്.
മാലിന്യം തള്ളിയവര്‍ക്കെതിരെ ശക്തമായ നടപടി വേണം: സിപിഎം
വില്യാപ്പള്ളി: വില്യാപ്പള്ളി-ആയഞ്ചേരി റോഡില്‍ മാലിന്യം തള്ളിയ സംഭവത്തില്‍ പ്രതിഷേധം ഉയരുന്നു. മയ്യന്നൂര്‍ എം.ഡി.എന്‍ കോഴി സ്റ്റാള്‍ ഉടമക്കെതിരെ കേസ് എടുത്ത് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സിപിഎം വില്ല്യാപ്പള്ളി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
വില്യാപ്പള്ളിയെ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചതിന് ശേഷം ചിലര്‍ ബോധപൂര്‍വം പഞ്ചായത്തിലെ പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുകയും വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും പഞ്ചായത്തിനും പ്രസിഡണ്ടിനുമെതിരായി വലിയ രീതിയിലുള്ള കള്ള പ്രചരണങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം നടന്ന സംഭവം. ഇത്തരം സാമൂഹ്യ വിരുദ്ധരെ ഒറ്റപ്പെടുത്താന്‍ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായ് മുന്നോട്ട് വരണമെന്നും വടകര പോലീസ് ഇതുവരെ എടുത്ത നടപടികള്‍ അഭിനന്ദനാര്‍ഹമാണെന്നും കുറ്റവാളികളെ അറസ്റ്റ് ചെയ്യാനുള്ള തുടര്‍ നടപടി സ്വീകരിക്കണമെന്നും ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രചാരണം ശരിയല്ലെന്ന് എംഡിഎന്‍ ഉടമ
അതേസമയം വില്യാപ്പള്ളിയില്‍ മാലിന്യം തള്ളിയ സംഭവവുമായി ബന്ധമില്ലെന്ന് എംഡിഎന്‍ കോഴി സ്റ്റാള്‍ ഉടമ അനസ് വ്യക്തമാക്കി. വടകരയിലെ ഒരു ഷോപ്പ് റീകണ്ടീഷന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പൊളിച്ച അവശിഷ്ടങ്ങള്‍ എംഡിഎന്റെ വാഹനത്തില്‍ ആയഞ്ചേരിയിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കൊണ്ടുപോയി നിക്ഷേപിക്കാനാണ് നിര്‍ദേശിച്ചത്. ഇതിനു ചുമതലപ്പെുത്തിയ ആള്‍ ഇങ്ങനെ കൊണ്ടുപോകുന്നതിനിടയില്‍ വഴിക്ക് ചില അവശിഷ്ടങ്ങള്‍ റോഡരികില്‍ തള്ളുക മാത്രമാണ് ചെയ്തതെന്നും അല്ലാതെ കോഴി അവശിഷ്ടങ്ങള്‍ തള്ളിയിട്ടില്ലെന്നും ഇതിന് എംഡിഎന്‍ കോഴി സ്റ്റാളുമായി നേരിട്ടു ബന്ധമില്ലെന്നും ഉടമ അനസ് വ്യക്തമാക്കി.

Show More

Related Articles

Back to top button
error: Content is protected !!