Business & AgricultureTrending

ചുഴലിക്കാറ്റില്‍ നിലം പതിച്ചത് കര്‍ഷകരുടെ സ്വപ്‌നങ്ങള്‍; നഷ്ടപരിഹാരത്തിനായി മുറവിളി


കുറ്റ്യാടി: ബുധനാഴ്ച വൈകുന്നേരം ആഞ്ഞടിച്ച ശക്തമായ ചുഴലിക്കാറ്റില്‍ നിലംപതിച്ചത് കര്‍ഷകരുടെ സ്വപ്‌നങ്ങള്‍. അര്‍ഹമായ നഷ്ട്ടപരിഹാരം നല്‍കണമന്ന ആവശ്യം ഉയര്‍ന്നു.
കുറ്റ്യാടി, കായക്കൊടി പഞ്ചായത്തുകളിലാണ് ഭീതിജനകമായ ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. കുലച്ചതും കുലക്കാന്‍ പാകമായ നേന്ത്രവാഴകളും, നാടന്‍ വാഴകളും, തെങ്ങ്, കമുങ്ങ്, മരച്ചീനി തുടങ്ങിയ നൂറ് കണക്കിന് വിളകളാണ് കാറ്റില്‍ നിലംപതിച്ചത്. നടുപ്പൊയില്‍ നെരവത്ത് കുഞ്ഞബ്ദുള്ളയുടെ അഞ്ഞൂറോളം നേന്ത്രവാഴകളാണ് കാറ്റിന്റെ ശക്തിയില്‍ നിലംപൊത്തിയത്. സഹകരണ ബാങ്കില്‍ നിന്നു ലോണെടുത്ത് അടച്ചിടല്‍ സമയത്ത് ആരംഭിച്ച വാഴ കൃഷിയുടെ പതനം ആരുടെയും കരളലിയിപ്പിക്കുന്ന കാഴ്ചയാണ്. പുതിയോട്ട് പറമ്പത്ത് ശ്രീധരന്റെ കുലച്ചതും കുലക്കാന്‍ പാകമായതുമായ നിരവധി വാഴകളാണ് കാറ്റില്‍ നശിച്ചത്. നെരവത്ത് അശോകന്റെ മരച്ചീനി കൃഷി പൂര്‍ണ്ണമായും നശിച്ചു. ഇരുനൂറ്റമ്പതോളം മെരട് മരച്ചീനിയാണ് നശിച്ചത്. വിവിധ ഇനത്തില്‍പ്പെട്ട നാടന്‍ വാഴകളും ഇരുപത്തഞ്ചോളം നേന്ത്രവാഴകളും വിവിധ മരങ്ങളും കാറ്റില്‍ നശിച്ചിട്ടുണ്ട്. പുതിയോട്ടില്‍ അച്ചുതന്‍ നായരുടെ വാഴകളും കമുങ്ങ്, തെങ്ങ് എന്നിവയും നശിച്ചു. കാറ്റിന്റെ ശക്തിയില്‍ നടുപ്പൊയില്‍ കുനിയില്‍ അബ്ദുള്ളയുടെ വീടിന്റെ ഷീറ്റ് പാറിപ്പോയി
കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം: കോണ്‍ഗ്രസ്
നടുപ്പൊയില്‍: ആകസ്മികമായി എത്തിയ ചുഴലിക്കാറ്റില്‍ വലിയ നാശമാണ് നടുപ്പൊയില്‍ ഉണ്ടായിരിക്കുന്നത്. കോവിഡ് കാരണം അടച്ചിടല്‍ നടന്ന സമയത്ത് വലിയ പലിശനിരക്കില്‍ ബാങ്കുകളില്‍ നിന്നു ലോണെടുത്ത് കൃഷി ചെയ്ത കര്‍ഷകരുടെ വിളകളാണ് നശിച്ചിരിക്കുന്നത്. കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് കുറ്റ്യാടി ബ്ലോക്ക് ഭാരവാഹികളായ പി.കെ.സുരേഷ്, ടി. സുരേഷ് ബാബു, എന്‍.സി. കുമാരന്‍, വി.വിജേഷ്, പി.പി.ദിനേശന്‍, എന്‍.പി.ദിനേശന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു

Show More

Related Articles

Back to top button
error: Content is protected !!