Art& Literature

കോവിഡിനെ അതിജീവിക്കാന്‍ നൃത്ത പഠനം ഓണ്‍ലൈനില്‍


മാഹി: ലോകമാകെ കോവിഡ് മഹാമാരിയില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ നിശ്ചലമായ നൃത്ത പഠനം ഓണ്‍ലൈനില്‍ സജീവമാകുന്നു. നൃത്ത രംഗത്ത് ഇത്തരമൊരു പഠനം വിജയിക്കുമോ എന്ന സംശയം പലര്‍ക്കും ഉണ്ടായിരുന്നെങ്കിലും കോവിഡ് അനിശ്ചിതമായി തുടരുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ മാറി.
തുടക്കത്തില്‍ ക്ലാസില്‍ കുറച്ച് പേരേ ഉണ്ടായിരുന്നുള്ളൂ എങ്കില്‍ ഇപ്പോള്‍ ധാരാളം കുട്ടികളും വീട്ടമ്മമാരും പഠനത്തില്‍ തല്‍പരരാണ്. പ്രമുഖ നൃത്തപരിശീലന സ്ഥാപനമായ നാട്യകലാക്ഷേത്രത്തിന്റെ മൂന്ന് ശാഖകളിലായി ഇരുനൂറോളം കുട്ടികളെ പരിശീലിപ്പിച്ചുവരുന്നതായി പ്രസിദ്ധ നര്‍ത്തകി ലിസി മുരളീധരന്‍ പറഞ്ഞു. ലോക്ക് ഡൗണില്‍ നിയന്ത്രണം ഏര്‍പെടുത്തിയിരുന്നതിനാല്‍ ആദ്യത്തെ മാസങ്ങള്‍ ക്ലാസുകള്‍ നിര്‍ത്തേണ്ടി വന്നു. ഇപ്പോള്‍ പകുതി പേരും ഓണ്‍ ലൈന്‍ ക്ലാസില്‍ സജീവമാണ്. മുമ്പ് ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമായിരുന്നു ക്ലാസെങ്കില്‍ പുതിയ കാലത്ത് മുഴുവന്‍ സമയവും ക്ലാസെന്ന നിലയിലായി കാര്യങ്ങള്‍.
വെല്ലുവിളിയായ കോവിഡ്പ്രതിസന്ധിയെ അതിജീവിക്കാന്‍ ശ്രമിക്കുകയാണ് ലിസി മുരളീധരനും മകള്‍ കലാമണ്ഡലം സരിഗയും. ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ ന്യത്ത പരിപാടികള്‍ കോവിഡ് കാരണം നഷ്ടപ്പെട്ടപ്പോള്‍ അതിജീവനം ലക്ഷ്യമിട്ടായിരുന്നു ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. കുവൈറ്റ്, ദുബായ്, ബഹറിന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ നേരത്തേയുള്ള ശിഷ്യരില്‍ പലരും ഓണ്‍ലൈന്‍ ക്ലാസുകളില്‍ സജീവമായി തുടരുന്നു.
ഗള്‍ഫിലേയും നാട്ടിലേയും തന്റെ ശിഷ്യരെ ഏകോപിപ്പിച്ചു കൊണ്ട് അതിജീവനത്തിന്റെ സന്ദേശം പകരുന്ന കോറിയോഗ്രാഫിയും നടത്തുന്നു. ഈ സന്ദര്‍ഭത്തില്‍ ഇത്തരം പരിപാടികള്‍ കുട്ടികളുടെ മാനസിക സംഘര്‍ഷം കുറക്കുന്നുവെന്നാണ് രക്ഷിതാക്കളുടെ പ്രതികരണം. ഇത് ആവേശം പകരുന്നതായി ലിസി പറഞ്ഞു.

Show More

Related Articles

Back to top button
error: Content is protected !!