Tourism

ടൂറിസം മികച്ച വരുമാനമാര്‍ഗം; കോഴിക്കോടിനു മുന്നേറ്റം


കോഴിക്കോട്: വിനോദ സഞ്ചാര പദ്ധതികളുടെ നേട്ടം കൊയ്യാന്‍ പൊതുജനങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ പ്രാദേശിക ടൂറിസത്തില്‍ മുന്നേറ്റം തീര്‍ത്ത് കോഴിക്കോട് ജില്ലയിലെ ഉത്തരവാദിത്ത ടൂറിസം. സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ ഉത്തരവാദിത്ത ടൂറിസം യൂണിറ്റികളുള്ള ജില്ലയായി ഒന്നാം സ്ഥാനത്താണ് കോഴിക്കോട്. 4,313 യൂണിറ്റുകളാണ് ജില്ലയിലുള്ളത്. മിഷനിലൂടെ സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തീകരണത്തിനായി പരിശീലനങ്ങള്‍ നടത്തി ഏറ്റവും കൂടുതല്‍ ആളുകളെ ഈ രംഗത്തേക്ക് എത്തിച്ചതില്‍ രണ്ടാം സ്ഥാനമാണ് ജില്ലയ്ക്കുള്ളത്. 786 പേരെയാണ് മിഷന്‍ പരിശീലനം നല്‍കി സജ്ജരാക്കിയത്.
സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ നടപ്പിലാക്കിയതില്‍ മൂന്നാം സ്ഥാനവും ഉത്തരവാദിത്ത ടൂറിസം മിഷന്‍ വഴി പ്രദേശവാസികള്‍ക്ക് വരുമാനമാര്‍ഗം മെച്ചപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനവും കോഴിക്കോട് ജില്ല കരസ്ഥമാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ജില്ലയില്‍ ഒളവണ്ണ, കടലുണ്ടി, തലക്കുളത്തൂര്‍, കൂടരഞ്ഞി പഞ്ചായത്തുകളിലും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട മറ്റുപഞ്ചായത്തുകളിലും ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഗ്രാമീണ ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രൊജക്റ്റ് ഏരിയയായ ഒളവണ്ണ , കടലുണ്ടി പഞ്ചായത്തുകളിലൂടെ പ്രാദേശിക ഗ്രാമീണ സാധ്യത ബോധ്യപ്പെടുത്തിയതിനു പുറമേ ഗുണഭോക്താക്കള്‍ക്ക് ടൂറിസം സംരംഭകത്വത്തിലേക്ക് വരാനുള്ള പ്രവര്‍ത്തനങ്ങളും മിഷന്‍ നടത്തി. രജിസ്റ്റര്‍ ചെയ്ത യൂണിറ്റുകള്‍ക്ക് ടൂറിസം മേഖലയില്‍ വരുമാന മാര്‍ഗത്തിനുള്ള അവസരങ്ങള്‍ തുറന്നു കൊടുക്കയും ചെയ്തു.
ഒരു പ്രദേശത്തിന്റെ തനതായ ഭംഗിയും ആ പ്രദേശത്തിന്റെ പാരമ്പര്യ സംസ്‌കാരവും നിലനിര്‍ത്തി, പ്രകൃതിക്കു കോട്ടം വരുത്താതെ പ്രദേശവാസികളെയും അവരുടെ ഗ്രാമീണ ചുറ്റുപാടുകളെയും ശാക്തീകരിച്ചതിനു പുറമേ യുവതലമുറയ്ക്കും സ്ത്രീകള്‍ക്കും ടൂറിസത്തിലൂടെ തൊഴിലും വരുമാനവും ലഭിക്കാനുള്ള അവസരങ്ങളും മിഷന്‍ ഒരുക്കി.
ഓല മെടയുന്ന യൂണിറ്റുകള്‍, വീട്ടിലെ ഊണ് യൂണിറ്റുകള്‍, മീന്‍പിടുത്തം, തെങ്ങുകയറ്റം , പാരമ്പര്യ തൊഴില്‍ തുടങ്ങി പലയിനം യൂണിറ്റുകള്‍ ഇത്തരത്തില്‍ ഈ പഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തലക്കുളത്തൂര്‍ പഞ്ചായത്തിനെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ പെപ്പര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഈ പഞ്ചായത്തിലെ നടുത്തുരുത്തി എന്ന പ്രദേശം ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ ലോക ശ്രദ്ധയാര്‍ജ്ജിച്ചു. കോഴിക്കോട് കാപ്പാട് ബീച്ചില്‍ നിന്നും എട്ട് കിലോ മീറ്റര്‍ ദൂരമുള്ള ഈ തുരുത്തിന്റെ മനോഹാരിതയും പുഴ വിഭവങ്ങളുടെ രുചിയും കരകൗശലവസ്തു നിര്‍മാണ അനുഭവങ്ങളും ഏതൊരാളെയും ആകര്‍ഷിക്കുന്ന തരത്തിലാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ പാക്കേജുകള്‍
തയ്യാറാക്കിയിട്ടുള്ളത്.
ജില്ലയിലെ കുന്നുകള്‍, അരുവികള്‍, മലയോരങ്ങള്‍, പാറകള്‍, ചിത്രശലഭങ്ങള്‍, കാവുകള്‍, കലാരൂപങ്ങള്‍, ഉത്സവങ്ങള്‍, പ്രധാന
ആകര്‍ഷണ സ്ഥലങ്ങള്‍, എന്നിവയെ കോര്‍ത്തിണക്കി ഗ്രാമീണ ടൂറിസം പാക്കേജുകളാക്കി(വില്ലജ് ലൈഫ്
എക്സ്പീരിയന്‍സ് പാക്കേജസ് -വിഎല്‍ഇ, 1800 മുതല്‍ 5000 രൂപവരെ) പ്രാദേശിക വരുമാനം വര്‍ധിപ്പിക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങളും ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോഴിക്കോട്ട് നടത്തി വരുന്നുണ്ട്.
കൂടരഞ്ഞി പഞ്ചായത്തും ഉത്തരവാദിത്ത ടൂറിസം പഞ്ചായത്തായി മാറിക്കഴിഞ്ഞു. വിവിധയിനം ഫല വൃക്ഷങ്ങളുടെ കലവറയും പ്രകൃതിരമണീയവുമായ ഈ പ്രദേശത്തു ഫാം ടൂറിസവും സൈറ്റ് എക്സിപീരിന്‍സും കൊണ്ട് വളരെ ആകര്‍ഷണീയമായ പാക്കേജുകളണ് ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ വരാന്‍ പോകുന്നത്. ഇതുകൂടാതെ ജില്ലയിലുടനീളം യൂണിറ്റു പ്രവര്‍ത്തനങ്ങളും വീട്ടമ്മമാര്‍ക്ക് എത്നിക് പദ്ധതിയിലൂടെ ജില്ലയില്‍ ഓണ്‍ലൈനായി ബുക്കിങ്ങിനുള്ള സംവിധാനവും ജില്ലാ മിഷന്‍ ചെയ്തിട്ടുണ്ട്.
ഒരു പ്രദേശത്തിന്റെ തനതായ ഭംഗിയും ആ പ്രദേശത്തിന്റെ പാരമ്പര്യ സംസ്‌കാരവും നിലനിര്‍ത്തി പ്രകൃതിക്കു കോട്ടം വരുത്താതെ പ്രദേശവാസികളെയും ഗ്രാമീണ ജീവിതത്തെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് റിസോഴ്സ് ഡയറക്ടറി നിര്‍മ്മിക്കും. ഡയറക്ടറി ഉപയോഗിച്ച് ആ പഞ്ചായത്തിന് ഏറ്റവും യോജിച്ച ഗ്രാമീണ ടൂറിസം പാക്കേജുകള്‍ തയ്യാറാക്കും.
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെ കൂടുതല്‍ പഞ്ചായത്തുകളിലേക്ക് ഉത്തരവാദിത്തടൂറിസം മിഷന്‍ പ്രവര്‍ത്തങ്ങള്‍ വ്യാപിപ്പിക്കും. ഇതിനുള്ള സാധ്യത പഠനം നടത്തിവരികയാണ്. ഗ്രാമീണ ടൂറിസം വികസന സാധ്യതക്കു കൂടുതല്‍ അവസരമൊരുക്കാന്‍ ജില്ലയിലെ 57 വ്യവസായ പങ്കാളികളുമായി സര്‍ട്ടിഫിക്കറ്റ് ഓഫ് അസോസിയേഷന്‍ വയ്ക്കുകയും 43 സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് ഫ്രീ ഡിക്ലറേഷന്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ ബദല്‍ പരിസ്ഥിതി സൗഹാര്‍ദ ഉത്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത യൂണിറ്റുകളുമായി ലിങ്കേജാക്കുകയും ചെയ്തിട്ടുണ്ട്.
മിഷനില്‍ രജിസ്റ്റര്‍ ചെയ്ത പല യൂണിറ്റുകള്‍ക്കും ജില്ലയിലെ ടൂറിസം ഇന്‍ഡസ്ട്രയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന 57 സ്ഥാപനങ്ങളുമായി ലിങ്കേജ് ഉണ്ടാക്കികൊടുക്കുകയും അതുവഴി ചൂഷണമില്ലാത്ത വരുമാനമാര്‍ഗം ലഭിക്കാന്‍ അവസരമൊരുക്കികൊടുക്കുകയും ചെയ്തു. ജില്ലയിലെ പ്രധാന
ടൂറിസം ഇന്‍ഡസ്ട്രികളായ കടവ് റിസോര്‍ട്, വെസ്റ്റവേ, ഗേറ്റ് വേ, മലബാര്‍ പാലസ് , മലബാര്‍ ഗേറ്റ് എന്നീ സ്ഥാപനങ്ങള്‍ ഉത്തരവാദിത്ത ടൂറിസം മിഷന്റെ കരകൗശല വസ്തുക്കള്‍ക്കായി ക്രാഫ്റ്റ് വിപണന കോര്‍ണര്‍ നല്‍കിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത യൂണിറ്റുകള്‍ക്ക് കേരള വിനോദ സഞ്ചാര വകുപ്പിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ സൗജന്യ മാര്‍ക്കറ്റിംഗ് സൗകര്യവും നടത്തിവരുന്നുണ്ട്.
കളരി യൂണിറ്റുകള്‍, കൈത്തറി യൂണിറ്റുകള്‍, കയര്‍സൊസൈറ്റികള്‍, മണ്‍പാത്രനിര്‍മാണ യൂണിറ്റുകള്‍, കുപ്പിക്കപ്പല്‍ യൂണിറ്റുകള്‍, ഗോത്ര കലാരൂപങ്ങള്‍, വെങ്കല നിര്‍മാണം, തോണിയാത്ര, മീന്‍പിടുത്തം, പുഴ വിഭവാസ്വാദനം, കാവ് സന്ദര്‍ശനം, പുരാതന പള്ളികള്‍, ആരാധനാലയങ്ങള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും മിഷന്‍ നടത്തുന്നുണ്ട്. കുന്നുകള്‍, ഐതീഹ്യകഥ പറച്ചില്‍, കാര്‍ഷിക നൃത്തം, ദഫ് മുട്ട്, വട്ടംകളി, കോല്‍ക്കളി, കരകൗശല വസ്തു നിര്‍മാണം, തിറയാട്ടചമയം, മലബാറി രുചിക്കൂട്ടുകള്‍, കുന്നുകള്‍, മലകള്‍, പാറകള്‍, വയല്‍, നടന്‍ കലാരൂപങ്ങള്‍ തുടങ്ങി കേരളീയ ഗ്രാമീണ തനിമയെ വിവിധയിനം ഗ്രാമീണ ടൂറിസം പാക്കേജുകളിലൂടെ മിഷന്‍
സഞ്ചാരികള്‍ക്കു മുന്നില്‍ എത്തിക്കുന്നു.
പ്രദേശത്തെ സംസ്‌കാരത്തിനും കലാരൂപത്തിനും രുചിക്കൂട്ടുകള്‍ക്കും ഫല വൃക്ഷാദികളെയും തൊട്ടറിയുന്ന പാക്കേജുകളാണ് കോഴിക്കോട് ജില്ലയില്‍ തയ്യാറാക്കിയിട്ടുള്ളത്. ജില്ലയിലെ പാക്കേജുകള്‍ മാര്‍ക്കറ്റിങ് ചെയ്യുന്നതിന് വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് പാക്കേജുകള്‍ക്കു പ്രാധാന്യം കൊടുക്കുന്നതിനായി പ്രൊമോഷണല്‍ വിഡിയോകള്‍ മിഷന്‍ തയ്യാറാക്കിയിട്ടുണ്ട്. നിരവധി പേരാണ് ഇതിനോടകം അവ കണ്ടത്. സ്പെഷ്യല്‍ ടൂറിസം ഗ്രാമ സഭകള്‍, ജില്ലാതല സെമിനാറുകള്‍,ടൂറിസം സംരഭക യോഗങ്ങള്‍ എന്നിങ്ങനെ വിവിധയിനം പരിപാടികളും ജില്ലയില്‍ ഇതിനോടകം ഉത്തരവാദിത്ത
ടൂറിസം മിഷന്‍ നടത്തിയിട്ടുണ്ട്.
കോവിഡ് പശ്ചാത്തലത്തില്‍ എല്ലാ പരിശീലനങ്ങളും ഓണ്‍ലൈനായി നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണ്. ജില്ലയില്‍ 2020 -2021 സാമ്പത്തിക വര്‍ഷം കുറഞ്ഞത് ആയിരം പേര്‍ക്ക് വിവിധ പരിശീലങ്ങള്‍ നല്‍കുമെന്ന് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.രൂപേഷ്‌കുമാര്‍ പറഞ്ഞു. ജില്ലയിലെ 4,313 യൂണിറ്റുകളില്‍ രജിസ്റ്റര്‍ ചെയ്ത വിഭാഗത്തിലും ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടത്തിയ വിവിധയിനം പരിശീലന പരിപാടികളിലും ഏറ്റവും കൂടുതല്‍ പങ്കാളികളായിട്ടുള്ളത് സ്ത്രീകളാണ്. ഇത് അഭിമാനകരമായ നേട്ടമാണെന്നും ഗ്രാമീണ ടൂറിസം വികസനത്തില്‍ സ്ത്രീകള്‍ക്ക് ലഭിക്കാവുന്ന ഒരുപാട് സാധ്യതകളും അവസരങ്ങളും അവര്‍ക്കു നേടിയെടുക്കാന്‍ ടൂറിസം മേഖലയിലൂടെ സാധിക്കുമെന്നും ജില്ലാ ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോര്‍ഡിനേറ്റര്‍ ശ്രീകലാലക്ഷ്മി പറഞ്ഞു.

Show More

Related Articles

Back to top button
error: Content is protected !!