NewsVatakara

കോവിഡ് കാലത്തും കര്‍മനിരതരായി സേവാഭാരതി


വടകര: ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസം പകര്‍ന്ന് സേവാഭാരതിയുടെ സൗജന്യഭക്ഷണ വിതരണം തുടരുന്നു. ആശുപത്രി ജീവനക്കാരി ഉള്‍പെടെയുള്ളവര്‍ക്കു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലും ഇതിനു മുടക്കമില്ല.
പത്തു വര്‍ഷമായി ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഉച്ചഭക്ഷണം നല്‍കുന്നു. ഈ കോവിഡ് കാലത്തും ഇത് തടസമില്ലാതെ തുടരുന്നു. സാമൂഹിക അകലവും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഭക്ഷണ വിതരണം. ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയില്‍ കടുത്ത നിയന്ത്രണം ഏര്‍പെടുത്തിയതിനാല്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സേവാഭാരതിയുടെ ഭക്ഷണ വിതരണം വലിയ ആശ്വാസമാണ് പകരുന്നത്.
വടകര നഗരം കണ്ടയിന്‍മെന്റ് സോണ്‍ ആയതിനാല്‍ രോഗികള്‍ക്കു വീടുകളില്‍ നിന്നു ഭക്ഷണമെത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ആശുപത്രി പരിസരത്തും ഭക്ഷണ ലഭ്യത കുറഞ്ഞു. അതിനാല്‍ മിക്കവരും സേവാഭാരതിയുടെ ഭക്ഷണ വിതരണത്തെയാണ് ആശ്രയിക്കുന്നത്. സേവാഭാരതിയുടെ പരവന്തലയിലെ ഓഫീസിനോട് ചേര്‍ന്ന അടുക്കുളയില്‍ ഭക്ഷണം പാകം ചെയ്ത് ആശുപത്രിയില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. തലേന്നു രാത്രി തന്നെ രോഗികളുടെ കണക്കെടുത്ത് ആവശ്യക്കാരുടെ എണ്ണത്തിനനുസരിച്ച് ചോറും കറിയും തയ്യാറാക്കി കൊണ്ടുവരുന്നു. ദിവസം 250-300 പേര്‍ക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നുവെന്നാണ് കണക്ക്.

Show More

Related Articles

Back to top button
error: Content is protected !!