NewsTrending

വടകരയില്‍ ജീവിതം നരകതുല്യമാകുന്നു; നിയന്ത്രണത്തില്‍ ഇളവ് വേണമെന്നു ലീഗ്


വടകര: കണ്ടെയിന്‍മെന്റ് സോണെന്നു വിളിക്കുന്ന നിയന്ത്രണമേഖലയായി വടകര നഗരം മൂന്നാഴ്ചയിലേക്കു കടക്കുമ്പോള്‍ ജീവിതം നരകതുല്യമാവുന്നുവെന്ന് വിലയിരുത്തല്‍. കോവിഡ് എന്ന മഹാമാരിയെ ചെറുക്കുക എന്ന ലക്ഷ്യം വെച്ച് ഏര്‍പെടുത്തിയ നിയന്ത്രണത്തില്‍ ഒട്ടും വൈകാതെ ഇളവു വേണമെന്ന് മുസ്ലീംലീഗ് വടകര മുനിസിപ്പല്‍ പ്രസിഡന്റ് കെ.കെ.മുഹമൂദ്, സെക്രട്ടറി എം.പി.അബ്ദുള്‍കരീം എന്നിവര്‍ ആവശ്യപ്പെട്ടു.
മുനിസിപാലിറ്റി മൊത്തം കണ്ടയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചതിലൂടെ വലിയ പ്രയാസമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഇവര്‍ പറയുന്നു.
സാമൂഹ്യ വ്യാപനം എന്ന ഗുരുതരാവസ്ഥ തടയാനാണ് മുനിസിപ്പല്‍ പ്രദേശത്തു മുഴുവന്‍ നിയന്ത്രണം കൊണ്ടുവന്നത്. എന്നാല്‍ നഗരപ്രദേശം പൂര്‍ണമായും അടച്ചിടത്തക്കവിധം ഗുരുതരമല്ല സ്ഥിതിഗതികളെന്നു നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഏതാനും ചിലവാര്‍ഡുകളില്‍ മാത്രമാണ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതിന്റെ പേരില്‍ മുനിസിപ്പാലിറ്റി മൊത്തം കണ്ടയിന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചതിലൂടെ ജീവിതം അക്ഷരാര്‍ഥത്തില്‍ നരകതുല്യമാക്കുകയാണ് ചെയ്തിരിക്കുന്നതെന്നു ലീഗ് അഭിപ്രായപ്പെടുന്നു.
നാട് നേരിടുന്ന പ്രശ്‌നങ്ങളും ദുരിതങ്ങളുടെ വ്യാപ്തിയും കലക്ടറുടെ ശ്രദ്ധയില്‍ പെടുത്തി പരിഹാരം കാണണം. തൊഴില്‍, വ്യാപാര മേഖലകള്‍ സ്തംഭിച്ചിട്ട് ആഴ്ചകളായിട്ടും ഇതേ പറ്റി ആലോചിക്കാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല. കടലോര പ്രദേശങ്ങള്‍ പട്ടിണിയിലേക്ക് നിങ്ങുന്നതും അധികാരികള്‍ കാണുന്നില്ല. പാവപ്പെട്ടവനും ഇവിടെ ജീവിക്കേണ്ടതാണ്. ഇങ്ങനെ പോയാല്‍ നമ്മുടെ പ്രദേശം ഒരു പട്ടിണി പ്രദേശമായി മാറും. പട്ടിണി കൊണ്ടും മറ്റു ദുരിതങ്ങള്‍ കൊണ്ടും പ്രയാസത്തിലായ സാഹചര്യത്തില്‍ അത്യാവശ്യ സ്ഥലങ്ങളിലൊഴികെ ബാക്കിയുള്ളിടത്തെ കണ്ടെയിന്‍മെന്റ് സോണ്‍ എത്രയും പെട്ടെന്ന് പിന്‍വലിക്കാന്‍ നടപടി കൈക്കൊള്ളണമെന്നു ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.

Show More

Related Articles

Back to top button
error: Content is protected !!