NewsTrending

മഴ കനക്കും; കരുതിയിരിക്കണമെന്ന് അധികാരികള്‍


തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ വിവിധ ഇടങ്ങളിലായി കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഞായറാഴ്ച യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.
യെലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപം പ്രാപിക്കാനുള്ള സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. പ്രളയസാധ്യത കണക്കിലെടുത്തുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ശക്തമായ കാറ്റ് വീശിയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനു വിലക്കുണ്ട്. 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത
ഓഗസ്റ്റ് നാലോടു കൂടി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള നേരിയ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപം കൊണ്ടപ്പോഴാണ് കേരളത്തില്‍ അതിതീവ്രമഴ ഉണ്ടായത്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ഓഗസ്റ്റ് നാല് വരെയുള്ള ദിവസങ്ങളില്‍ മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
അതിതീവ്രമഴ സാധ്യത നിലവില്‍ പ്രവചിക്കപ്പെട്ടിട്ടില്ലെങ്കിലും മുന്നറിയിപ്പിനെ ഗൗരവത്തില്‍ കണ്ട് തയ്യാറെടുപ്പ് നടപടികള്‍ സ്വീകരിച്ചു വരികയാണ്. ദുരിതാശ്വാസ ക്യാംപുകള്‍ക്കായി കെട്ടിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
അപകടസാധ്യത മുന്നില്‍ കണ്ട് ജാഗ്രത പാലിക്കണം
അതിതീവ്ര മഴ വലിയ അപകടസാധ്യതയുള്ളതാണ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങള്‍ക്കുള്ള സാധ്യത ഇത്തരത്തില്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ വളരെ കൂടുതലായിരിക്കും. ആയതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും പൂര്‍ണ സജ്ജരാവുകയും മുന്‍കരുതല്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുമാണ്. രാത്രി സമയങ്ങളില്‍ മഴ ശക്തമാകാനുള്ള സാധ്യത മുന്നില്‍ കണ്ട് ദുരന്ത സാധ്യതാ മേഖലയിലുള്ളവര്‍ക്ക് ക്യാംപുകള്‍ സജ്ജീകരിച്ച് ഇക്കാര്യം ആളുകളെ അറിയിക്കേണ്ടതും പകല്‍ സമയത്ത് തന്നെ ക്യാംപുകളിലേക്ക് ആളുകളെ മാറ്റേണ്ടതുമാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Show More

Related Articles

Back to top button
error: Content is protected !!