Business & AgricultureNewsPerambraTrending

വാഴക്കുലകളില്‍ രോഗം വ്യാപിക്കുന്നു; കര്‍ഷകര്‍ പ്രതിസന്ധിയില്‍


മേപ്പയൂര്‍: നേന്ത്രവാഴക്കുലകളില്‍ രോഗം വ്യാപിച്ചത് വാഴകര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കുലകളില്‍ മുഴുവനായി കറുപ്പു നിറത്തിലുള്ള പാടുകള്‍ പിടിപെടുന്നതാണ് രോഗം. ഇതുമൂലം കുലകള്‍ വിപണനം നടത്താന്‍ പറ്റാതെ കര്‍ഷകര്‍ വിഷമിക്കുകയാണ്. കായയുടെ നിറവ്യത്യാസം കാരണം ആളുകള്‍ കായ വാങ്ങുന്നില്ല. ഇതിനാല്‍ തന്നെ കര്‍ഷകരില്‍ നിന്ന് കുലകള്‍ വാങ്ങാന്‍ വ്യാപാരികളും മടിക്കുന്നു.
 ചെറുവണ്ണൂർ പഞ്ചായത്തിലെ ആവള, എടവരാട് തുടങ്ങിയ പ്രദേശങ്ങളില്‍ മൂപ്പെത്താറായ ആയിരക്കണക്കിന് വാഴക്കുലകളിലാണ് ഈ രോഗം കാണുന്നത്.
സാധാരണഗതിയില്‍ കിലോയ്ക്ക് 40-45 രൂപ വില ലഭിക്കേണ്ട കുലകളാണ് രോഗം കണ്ടതോടെ ആര്‍ക്കും വേണ്ടാത്ത അവസ്ഥയിലായത്. 15 രൂപയ്ക്ക് പോലും വാങ്ങാന്‍ ആളില്ലെന്ന് കര്‍ഷകര്‍ പറയുന്നു. പൈറസ് ലോറിയ വിഭാഗത്തില്‍പ്പെട്ട ഫംഗസാണ് രോഗത്തിന് കാരണമെന്നും ഇത്തരം കായകള്‍ ഉപയോഗയോഗ്യമാണെന്നും ചെറുവണ്ണൂര്‍ കൃഷി ഓഫീസര്‍ മുഹമ്മദ് അനീസ് വ്യക്തമാക്കി. ഇത്തരം കായ്കള്‍ക്ക് ഭംഗിക്കുറവ് മാത്രമേയുള്ളൂ. ഗുണത്തിലും തൂക്കത്തിലും യാതൊരു കുറവും ഉണ്ടാവുകയില്ല.
മഴക്കാലം രോഗ വര്‍ധനവിന് ആക്കം കൂട്ടും. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ മന്‍കോസെബ്, കാര്‍ബന്‍ഡാസിം എന്നിവയുടെ മിശ്രിതം 1.5 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചതോ രണ്ട് മില്ലി കോപ്പര്‍ ഹൈഡ്രോക്സൈഡ് ഒരുലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചതോ കുലകളില്‍ തളിച്ചു കൊടുത്താല്‍ രോഗബാധയില്‍ നിന്ന് രക്ഷ നേടാമെന്ന് കൃഷി ഓഫീസര്‍ പറഞ്ഞു.
വാഴക്കുലകള്‍ക്ക് രോഗബാധമൂലം വിഷമം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെണ് കേരളകോണ്‍ഗ്രസ് (ജേക്കബ്) ജില്ല സെക്രട്ടറി മനോജ് ആവള ആവശ്യപ്പെട്ടു.

Show More

Related Articles

Back to top button
error: Content is protected !!