NewsTrendingVatakara

ചുമട്ട് തൊഴിലാളികള്‍ ക്വാറന്റൈനില്‍; റേഷന്‍ നീക്കം പാളുന്നു


വടകര: ചുമട്ട് തൊഴിലാളികള്‍ ക്വാറന്റൈനിലായതോടെ വടകര താലൂക്കിലെ റേഷന്‍ നീക്കം പ്രതിസന്ധിയിലായി. ഒഞ്ചിയം പഞ്ചായത്തില്‍ നാദാപുരം റോഡിലെ സിവില്‍ സപ്ലൈസ് ഗോഡൗണ്‍; ചുമട്ട് തൊഴിലാളികള്‍ ക്വാറന്റൈനിലായ കാരണത്താല്‍ അടച്ചിരിക്കുകയാണ്. ഇതോടെ റേഷന്‍ സാധനങ്ങളുടെ നീക്കം വടകര പുതിയാപ്പിലെയും വില്യാപ്പള്ളിയിലേയും ഗോഡൗണുകളില്‍ നിന്നു മാത്രമായി.
ഒമ്പത് ചുമട്ടുകാരും ഒരു അസിസ്റ്റന്റ് സെയില്‍സ്മാനും അഞ്ചു ലോറിഡ്രൈവര്‍മാരുമാണ് നാദാപുരംറോഡില്‍ ക്വാറന്റൈനിലായത്. സമീപത്തെ പച്ചക്കറികടയില്‍ നിന്നു സാധനം വാങ്ങിയതാണ് ഇവരെ കഷ്ടത്തിലാക്കിയത്. പച്ചക്കറി കടക്കാരനു കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരെല്ലാം ക്വാറന്റൈനില്‍ പോകേണ്ടിവന്നു.
ഈ ചുമട്ടുകാരുടെ പിന്മാറ്റമാണ് റേഷന്‍നീക്കത്തെ ബാധിച്ചത്. പതിനേഴായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയാപ്പ് ഡൗണില്‍ സാധനം ഉണ്ടെങ്കിലും ചുമട്ട് തൊഴിലാളികള്‍ ഇല്ലാത്തത് തിരിച്ചടിയായിരിക്കുകയാണ്. 40 ചുമട്ടുകാരാണ് ആകെയുള്ളത്. നേരത്തേ തന്നെ കൂടുതല്‍ ചുമട്ടുകാരെ വേണമെന്ന് ക്ഷേമനിധി ബോര്‍ഡിനോട് ആവശ്യപ്പെടാറുണ്ട്. ഇതിനിടയിലാണ് ഒമ്പതു പേര്‍ കുറഞ്ഞിരിക്കുന്നത്. ഇതു വലിയ പ്രയാസം സൃഷ്ടിക്കുന്നതായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. പകരം ഒമ്പതു പേരെ നല്‍കണമെന്നു ക്ഷേമനിധി ബോര്‍ഡിനോട് ആവശ്യപ്പെട്ടെങ്കിലും ലഭ്യമാക്കിയില്ല.
റേഷന്‍സാധനങ്ങള്‍ യഥാസമയം എല്ലാ റേഷന്‍കടകളിലും എത്തിക്കണമെന്നിരിക്കെ നാലിലൊന്ന് തൊഴിലാളികള്‍ കുറഞ്ഞ സാഹചര്യത്തില്‍ ഇത് എങ്ങിനെ സാധിക്കുമെന്ന് വ്യക്തമല്ല. 60 കടകളിലേക്കുള്ള സാധനങ്ങള്‍ കൊണ്ടുപോകുന്ന സ്ഥാനത്ത് 15ല്‍ താഴെ കടകളിലേക്കേ ഇപ്പോള്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ആവശ്യത്തിനു തൊഴിലാളികളെ കിട്ടാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും ഈയൊരു സാഹചര്യം ഒഴിവാക്കാന്‍ ഇടപെടണമെന്ന് ജില്ലാ സപ്ലൈ ഓഫീസറോട് അഭ്യര്‍ഥിച്ചതായും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Show More

Related Articles

Back to top button
error: Content is protected !!