NewsTrendingVatakara

കോവിഡിന്റെ മറവില്‍ പോലീസ് രാജ് നടപ്പാക്കരുതെന്നു ലീഗ്


വടകര: കോവിഡ് വ്യാപനത്തിനെതിരെ നാട് നടത്തുന്ന പരിശ്രമങ്ങളെ പരിഹസിക്കും വിധം പോലീസ് രാജ് നടപ്പാക്കുകയാണെന്ന് ആക്ഷേപം. ബലി പെരുന്നാള്‍ ദിനമായ വെള്ളിയാഴ്ച താഴെഅങ്ങാടിയിലെ പോലീസ് സാന്നിധ്യം ഇതിനു തെളിവാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
കോവിഡിനെതിരെ ആരോഗ്യ പ്രവര്‍ത്തകരും പോലീസ് ഉള്‍പെടെയുള്ള സന്നദ്ധ പ്രവര്‍ത്തകരും നിതാന്ത ജാഗ്രത പുലര്‍ത്തി വരികയാണ്. ചെറിയൊരലംഭാവം പോലും ഗുരുതരമായ ഭവിഷ്യത്തുകള്‍ വരുത്തിവെക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ കാര്യത്തില്‍ ജനങ്ങളും ജാഗരൂകരാണ്.
ഇതിന്റെ മറവില്‍ പോലീസ് രാജ് സൃഷ്ടിച്ച് ഭീകരാന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിതീര്‍ക്കുക എന്നു ലീഗ് വടകര മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. കെ.കെ.മഹമൂദ്, ജനറല്‍ സെക്രട്ടറി എം.പി.അബ്ദുള്‍കരീം എന്നിവര്‍ ചൂണ്ടിക്കാട്ടി. താഴെ അങ്ങാടിയിലും പരിസരത്തും നിരോധനാജ്ഞ കണക്കെയാണ് പോലീസിനെ വിന്യസിപ്പിച്ചിരിക്കുന്നത്. പോലീസ് മര്‍ദനത്തിനിരയായ നൗഷാദ് എന്ന ആള്‍ കിടപ്പിലാണ്. വലിയ പെരുന്നാളിന്റെ തലേന്നും പെരുന്നാള്‍ ദിനത്തിലുമായി റോഡിലിറങ്ങിയ പോലീസ് ആളുകളെ പുറത്തിറങ്ങാന്‍ പോലും സമ്മതിക്കുന്നില്ല. പെരുന്നാളിന്റെ ഇളവുകളൊന്നും അനുവദിക്കുന്നില്ലെന്ന് മാത്രമല്ല പോലിസ് പ്രദേശത്ത് അസ്വസ്ഥത സൃഷ്ടിക്കുകയാണ്. ജില്ലാ ഭരണകൂടവും പോലീസ് മേധാവികളും ഇടപെട്ട് പോലിസ്‌രാജില്‍ നിന്ന് എത്രയും പെട്ടെന്ന് താഴെ അങ്ങാടിയെ മോചിപ്പിക്കണമെന്ന് ഇവര്‍ അഭ്യര്‍ഥിച്ചു.
വിഷയത്തില്‍ കെ.മുരളീധന്‍ എംപിയും മുസ്ലിം ലീഗ് നേതാവ് എം.എ.റസാഖും ഇടപെട്ടതായും മുഖ്യമന്ത്രിയുടെ അടക്കം ശ്രദ്ധയില്‍പെടുത്തി വേണ്ടതു ചെയ്യാമെന്ന് ഇരുവരും ഉറപ്പു നല്‍കിയതായും കെ.കെ.മഹമൂദും എം.പി.അബ്ദുള്‍കരീമും അറിയിച്ചു.

പോലീസ്‌രാജല്ല സുരക്ഷാ നടപടി മാത്രം
പോലീസ് രാജ് എന്ന അധിക്ഷേപം ശരിയല്ലെന്നു പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ബലിപെരുന്നാള്‍ പ്രമാണിച്ച് താഴെഅങ്ങാടിയില്‍ മാത്രമല്ല വടകര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ 24 കേന്ദ്രങ്ങളില്‍ പിക്കറ്റ് പോസ്റ്റ് ഏര്‍പെടുത്തിയതായും ഏഴ് പോലീസ് വാഹനങ്ങള്‍ കൂടുതലായി സര്‍വീസ് നടത്തുന്നതായും പോലീസ് അധികൃതര്‍ വ്യക്തമാക്കി.

Show More

Related Articles

Back to top button
error: Content is protected !!