Education & CultureTrendingVatakara

വേതനം നിലച്ചു; സങ്കടഹര്‍ജിയുമായി അധ്യാപകര്‍

വടകര : ദിവസവേതനം നിലച്ചതോടെ ബുദ്ധിമുട്ടിലായ അധ്യാപകര്‍ സഹായം തേടി ജനപ്രതിനിധികള്‍ക്ക് സങ്കടഹര്‍ജി നല്‍കി. മതിയായ വിദ്യാര്‍ഥികളില്ലെന്ന കാരണത്താല്‍ എയ്ഡഡ് സ്‌കൂളുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവരാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഉള്‍പ്പെടെ ഓണ്‍ലൈനില്‍ നിവേദനം നല്‍കിയത്. സ്‌കൂളിലെത്തി ഒപ്പിടുന്ന ദിവസങ്ങളുടെ എണ്ണം കണക്കാക്കിയാണ് ഈവിഭാഗം അധ്യാപകര്‍ക്ക് വേതനം നല്‍കുന്നത്. എന്നാല്‍, ഇത്തവണ സ്‌കൂള്‍ തുറന്നില്ലെന്ന കാരണത്താല്‍ വേതനം ലഭിക്കുന്നില്ല.
ജൂണ്‍ ഒന്നിന് ഓണ്‍ലൈന്‍ പഠനം തുടങ്ങിയതു മുതല്‍ ഇതുമായി ബന്ധപ്പെട്ട് മറ്റധ്യാപകരെപ്പോലെ ഇവരും ജോലി ചെയ്യുന്നു. ഓരോ ക്ലാസിന്റേയും ചുമതല ഏറ്റെടുത്ത് വാട്സാപ്പ് ഗ്രൂപ്പുകള്‍വഴി തുടര്‍പ്രവര്‍ത്തനങ്ങള്‍ നല്‍കല്‍, വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തല്‍, സംശയനിവാരണം നടത്തല്‍ തുടങ്ങിയവയ്ക്ക് ഇവരും മണിക്കൂറുകള്‍ ചെലവഴിക്കുന്നുണ്ട്. സ്‌കൂളിലെ യോഗങ്ങളിലും മറ്റ് പരിപാടികളിലും പങ്കെടുക്കുന്നു. എന്നാല്‍, രണ്ടുമാസം പിന്നിടുമ്പോഴും വേതനം സംബന്ധിച്ച് തീരുമാനമായിട്ടില്ല.
സ്‌കൂള്‍ തുറക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ വേതനമില്ലാതെ മാസങ്ങളോളം മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് അധ്യാപകര്‍ പറയുന്നു. പലരുടേയും വായ്പാ തിരിച്ചടവ് ഉള്‍പ്പെടെ മുടങ്ങുന്ന സ്ഥിതിയാണ്. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഈ വിഭാഗത്തിലുള്ള അധ്യാപകര്‍ കൂടുതലുള്ളത്. സംസ്ഥാനത്താകെ 800-ഓളം പേരുണ്ട്. 2011-നുശേഷം നിയമനം ലഭിച്ചവര്‍ക്കാണ് മതിയായ വിദ്യാര്‍ഥികളില്ലെന്ന കാരണത്താല്‍ അംഗീകാരം കിട്ടാതെയുള്ളത്.

Show More

Related Articles

Back to top button
error: Content is protected !!