Education & CultureKoyilandyNewsTrending

അടിമുടി മാറാനൊരുങ്ങി കൊയിലാണ്ടി ഗവ. ഐടിഐ; നടപ്പാവുന്നത് 4 കോടിയുടെ വികസനം


സുധീര്‍ കൊരയങ്ങാട്
കൊയിലാണ്ടി: സംസ്ഥാനത്ത് തൊഴില്‍ വകുപ്പിനു കീഴിലെ പത്തോളം ഐടിഐകളുടെ മുഖഛായ മാറുന്നതോടൊപ്പം കൊയിലാണ്ടിയും വികസന വഴിയില്‍. വരകുന്നില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഐടിഐയില്‍ നാലു കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു.
കിഫ്ബിയുടെ സഹായത്തോടെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന പദ്ധതിയില്‍ ഇടം പിടിച്ച കൊയിലാണ്ടി ഐടിഐ യുടെ സമഗ്ര വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് കെ.ദാസന്‍ എംഎല്‍എ അറിയിച്ചു.
തൊഴില്‍ വകുപ്പിനു കീഴില്‍ തന്നെയുള്ള കേയ്‌സ് (കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്) നാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതോടെ പദ്ധതിയുടെ കരാര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് ഏറ്റെടുത്തിരിക്കുന്നത്. നാലു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാല്‍ അടിമുടി മാറാനൊരുങ്ങുകയാണ് 34 വര്‍ഷം പിന്നിടുന്ന ഈ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കേന്ദ്രം. സമഗ്ര വികസനത്തിനായി തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാണ പ്രവൃത്തികള്‍. പുതിയ അക്കാദമിക് ബ്ലോക്ക്, മെയിന്‍ ഗേറ്റ് വിത്ത് സെക്യൂരിറ്റി ക്യാബിന്‍, കോമ്പൗണ്ട് വാള്‍, റോഡ്, വര്‍ക്ക്‌ഷോപ്പുകളുടെ നവീകരണം, ക്ലാസ്മുറികള്‍ ഹൈടെക് ആക്കല്‍, ക്യാമ്പസ് ബ്യൂട്ടിഫിക്കേഷന്‍, അക്കാദമിക് ബ്ലോക്കിലേക്കാവശ്യമായ ഫര്‍ണിച്ചറുകള്‍ തുടങ്ങിയ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമാകുന്നത്.
കൊയിലാണ്ടി നിയോജക മണ്ഡലം പരിധിയില്‍ രണ്ട് ഗവ. ഐടിഐകളാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഇതില്‍ കക്രാട്ട് കുന്നില്‍ സ്ഥിതി ചെയ്യുന്ന ഐടിഐ പട്ടികജാതി വികസന വകുപ്പിനും വരകുന്നിലേത് തൊഴില്‍ വകുപ്പിനും കീഴിലാണ്. കക്രാട്ടുകുന്നില്‍ സ്ഥിതി ചെയ്യുന്ന ഐടിഐയില്‍ ഒരു കോടി 95 ലക്ഷം ചെലവില്‍ നിര്‍മിച്ച കെട്ടിടം നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു. 1986 ല്‍ ആണ് വരകുന്നില്‍ ഐടിഐ സ്ഥാപിതമാകുന്നത്. ഇവിടെ 10 ട്രേഡുകളിലായി 450 ലേറെ വിദ്യാര്‍ഥികള്‍ പഠനം നടത്തി വരുന്നു. 22 ഇന്‍സ്ട്രക്ടര്‍മാരും 14 അനധ്യാപകരും ഉള്‍പ്പെടെ 36 ഓളം പേര്‍ ജീവനക്കാരായുണ്ട്. ഭൗതിക സാഹചര്യങ്ങളിലെ മാറ്റങ്ങള്‍ക്കനുസൃതമായ ആധുനിക തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ് അനുവദിക്കുമെന്ന് തൊഴില്‍ മന്ത്രി ഉറപ്പു നല്‍കിയതായും എംഎല്‍എ പറഞ്ഞു. കോവിഡ് അന്തരീക്ഷത്തിന് അയവ് വരുന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

Show More

Related Articles

Back to top button
error: Content is protected !!