News

കീഴലില്‍ ക്വാറന്റൈന്‍ വിവാദം


വടകര: കോവിഡ് രോഗി സഞ്ചരിക്കുന്നുവെന്നറിയാതെ കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത കീഴല്‍ സ്വദേശിക്കും കുടുംബത്തിനും എതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണമെന്ന പരാതിക്കു പിന്നാലെ എതിര്‍ പരാതിയുമായി മറ്റൊരു വിഭാഗവും രംഗത്ത്. ക്വാറന്റൈനില്‍ കഴിയേണ്ട ഈ യുവാവ് പുറത്ത് കറങ്ങി നടന്നതായാണ് ഇരുപത്തഞ്ചിലേറെ പേരുടെ പരാതി. ഇക്കാര്യത്തില്‍ നടപടി തേടി ഇവര്‍ മുഖ്യമന്ത്രിക്കും ജില്ലാ ഭരണകൂടത്തിനും റൂറല്‍ എസ്പിക്കും നിവേദനം നല്‍കി.
യാത്രാ വിവരം മറച്ചുവെച്ച് കറങ്ങി നടന്ന് പ്രദേശത്തെ ആശങ്കയിലാക്കുകയാണ് ഈ യുവാവ് ചെയ്തതെന്നു ഇവര്‍ പറയുന്നു. ഇയാളോടൊപ്പം സമ്പര്‍ക്ക വലയത്തിലുള്ള വ്യക്തികളും ക്വാറന്റൈന്‍ വ്യവസ്ഥ പാലിച്ചില്ലെന്നും ഇവര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.
ജൂലൈ നാലിനാണ് പാലക്കാട് നിന്ന് കണ്ണൂരിലേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ കോഴിക്കോട് മുതല്‍ വടകര വരെ കീഴലിലെ യുവാവ് യാത്ര ചെയ്തത്. ഈ ബസില്‍ കോവിഡ് രോഗി സഞ്ചരിച്ചു എന്ന വിവരം അറിഞ്ഞതിന്റെ പിറ്റേന്നു മുതല്‍ യുവാവും കുടുംബാംഗങ്ങളും ഹോം ക്വാറന്റൈനിലാണ്. എന്നാല്‍ ഇത് പാലിച്ചില്ലെന്നാണ് ഒരു കൂട്ടരുടെ പരാതി. സംഭവം രാഷ്ട്രീയ പോര്‍വിളിയായതോടെ ഇരുപക്ഷവും പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്.. യുവാവിനും കുടുംബത്തിനുമെതിരെ വ്യാജപ്രചാരണം നടക്കുകയാണെന്നു ചൂണ്ടിക്കാട്ടി ഡിവൈഎഫ്‌ഐ രംഗത്തുവന്നിരുന്നു. ഇവര്‍ അധികൃതര്‍ക്കു പരാതി നല്‍കുകയുമുണ്ടായി. ഇതിനെതിരെ എന്ന നിലയിലാണ് പ്രദേശവാസികളായ ഇരുപത്തഞ്ചിലേറെ പേര്‍ പരാതി ഉന്നയിച്ചിരിക്കുന്നത്.

Show More

Related Articles

Back to top button
error: Content is protected !!