NewsVatakara

ആരോഗ്യ വകുപ്പിന്റെ അനാസ്ഥ നാടിനു വിനയായെന്ന്; പ്രതിഷേധം വ്യാപകം


വടകര: ക്വാറന്റൈനില്‍ കഴിയുന്ന തലശേരി ജനറല്‍ ആശുപത്രി ജീവനക്കാരി ചോമ്പാല്‍ കറപ്പക്കുന്നു സ്വദേശി രോഗ പരിശോധനാ ഫലം കാത്ത് നില്‍ക്കാതെ നാട്ടിലേക്ക് തിരിച്ചത് ഒരു പ്രദേശത്തിന് വിനയായി. ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പിന്റെ അനാസ്ഥയില്‍ പ്രതിഷേധം ഉയര്‍ന്നു.
അധികൃതരുടെ അലംഭാവം കാരണം ഒരു പ്രദേശം മുഴുവന്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. കുറേ കടകള്‍ അടച്ചിടേണ്ടി വന്നു. ബേക്കറി ഉള്‍പ്പടെയുള്ള കടകള്‍ അടച്ചിടുമ്പോള്‍ ഭീമമായ നഷ്ടം നേരിടേണ്ടി വരും. പഞ്ചായത്ത് ഹോട്ട് സ്‌പോട്ട് ആവുക വഴി മുഴുവന്‍ ജനങ്ങളുടെയും സഞ്ചാരസ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്ന ദുരവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. കാര്യങ്ങള്‍ നിയന്ത്രിക്കേണ്ട വകുപ്പ് തന്നെ ഇത്തരം സമീപനങ്ങള്‍ സ്വീകരിച്ചത് വേലി തന്നെ വിളവ് തിന്നുന്നതിന് തുല്യമാണ്. ക്വാറന്റൈനില്‍ ഇളവ് നല്‍കിയ മേലുദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജനകീയ മുന്നണി അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ചെയര്‍മാന്‍ കെ.അന്‍വര്‍ ഹാജി, ഇ.ടി.അയ്യൂബ്, പ്രദീപ് ചോമ്പാല, പി.ബാബുരാജ്, കെ.ഭാസ്‌കരന്‍, വി.കെ.അനില്‍കുമാര്‍, ഹാരിസ് മുക്കാളി, കെ.പി.രവീന്ദ്രന്‍, സി. സുഗതന്‍ എന്നിവര്‍ സംസാരിച്ചു.
സംഭവത്തില്‍ യുത്ത് ലീഗ് അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. നിരീക്ഷണ കാലയളവ് പൂര്‍ത്തിയാകാതെ രോഗിയെ വിട്ടയച്ചത് കാരണം അഴിയൂര്‍ പഞ്ചായത്തിലെ മുക്കാളി, ചോമ്പാല പ്രദേശങ്ങളില്‍ രോഗി സമ്പര്‍ക്കം പുലര്‍ത്തുകയും പ്രദേശങ്ങളിലെ ജനങ്ങള്‍ ഭീതിയിലായിരിക്കുകയുമാണ്. കുറുന്തോട്ടിക്ക് തന്നെ വാതം വരുന്ന ഇത്തരം ദുരവസ്ഥ തുടരുകയാണെങ്കില്‍ നമ്മുടെ പ്രദേശം അതിഗുരുതരാവസ്ഥയിലേക്ക് നീങ്ങുമെന്ന് യോഗം കുറ്റപ്പെടുത്തി. അലസമായ രീതിയിലാണ് കോവിഡ് എന്ന വിപത്തിനെ കൈകാര്യം ചെയ്യുന്നതെങ്കില്‍ പ്രത്യക്ഷ സമര പരിപാടികളുമായി യൂത്ത് ലീഗ് രംഗത്ത് വരുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഷഹീര്‍ ചോമ്പാല അധ്യക്ഷത വഹിച്ചു. സാജിദ് നെല്ലോളി, മര്‍വാന്‍ വി.പി, ഷബീര്‍ ടി.ജെ, സഹല്‍ കോറോത്ത് റോഡ് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി
മുഹമ്മദ് റിംഷാദ് പള്ളിയത്ത് സ്വാഗതവും ട്രഷറര്‍ സമദ് മര്‍ഹബ നന്ദിയും പറഞ്ഞു.

Show More

Related Articles

Back to top button
error: Content is protected !!