Art&Literature

വിരല്‍തുമ്പില്‍ അതിജീവന സന്ദേശവുമായി സായിപ്രസാദ്


സുധീര്‍ കൊരയങ്ങാട്

കൊയിലാണ്ടി: ദുരന്തകാലത്തിന്റെ ഇരുണ്ട ഭൂമികയിലിരുന്ന് ആത്മനൊമ്പരങ്ങളുടെ കറുത്ത ചായമേല്‍ക്കാതെ പ്രത്യാശയുടെയും അതിജീവനത്തിന്റെയും ചെറു മിന്നാരങ്ങള്‍ തീര്‍ക്കുകയാണ് സായിപ്രസാദ് എന്ന ചിത്രകാരന്‍. മഹാമാരിയില്‍ നടുങ്ങിയിരിക്കുന്ന നാടിന്റെ നന്മ മനസ്സുകള്‍ കൊട്ടിയടക്കപ്പെട്ടാലും കലാകാരന്മാര്‍ക്ക് ലോകത്തിന് മുന്നില്‍ പൂര്‍ണമായും കൊട്ടിയടച്ചിരിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യമാണ് ഇദ്ദേഹത്തിന്റെ ലോക്ഡൗണ്‍ കാല ചിത്രരചനകളില്‍ മിക്കവയിലും തെളിയുന്ന സന്ദേശം.
‘ദ മൂവിംഗ് ഏജ് ‘ എന്ന ടൈറ്റിലില്‍ തീര്‍ത്ത സായിപ്രസാദിന്റെ സവിശേഷമായ പെയിന്റിംഗ് ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു. ഈ ദുരന്തകാലവും കടന്ന് മനുഷ്യന്‍ മുന്നോട്ടു തന്നെ പോകുമെന്നും കാലവും ചിന്തയും കാഴ്ചയും മാറി മറിഞ്ഞാലും ആപത്ഘട്ടങ്ങളെ അതിജീവിച്ച് പ്രത്യാശയുടെ തുരുത്തിലേക്ക് മനുഷ്യകുലം അതിവേഗം മുന്നേറുമെന്നും ഈ ചിത്രം സഹൃദയരോട് വിളിച്ചു പറയുന്നു. വിഖ്യാത ചിത്രകാരന്‍ പിക്കാസോയുടെ ദുരന്ത സൂചകമായ ‘ഗോര്‍ണിക്ക’ യില്‍ നിന്നു വ്യത്യസ്തമായി ദുരന്തമുഖത്തേക്ക് കാലെടുത്ത് വെക്കുമ്പോഴും പ്രതീക്ഷ കെട്ടടങ്ങാത്ത പിന്നാമ്പുറങ്ങളിലെ സ്വപ്നതുല്യമായ ജീവിതത്തിലേക്ക് മനുഷ്യന്റെ ആര്‍ത്തിയോടെയുള്ള ഒരു ഒളിഞ്ഞുനോട്ടമായും ‘ദ മൂവിംഗ് ഏജ് ‘ മാറുന്നു.
മിന്നാമിന്നികളുടെ പ്രകാശത്താല്‍ മനുഷ്യന്‍ മുന്നേറുന്നതോ അതൊ മനുഷ്യന്റെ ഉള്‍വെളിച്ചത്തില്‍ മിന്നാമിനുങ്ങുകള്‍ പറന്നകലുന്നതോ എന്ന തോന്നലുകളോടും ഈ സൃഷ്ടി സംവദിക്കുന്നു. ഒരര്‍ഥത്തില്‍ കാഴ്ചക്കാരന്റെ കണ്ണുകള്‍ക്ക് ഇമേജുകളുടെ ശൃംഖല തീര്‍ക്കുകയാണ് അക്രിലിക് മാധ്യമത്തില്‍ വലിയ കാന്‍വാസില്‍ തീര്‍ത്ത ഈ വര്‍ണചിത്രം. ഇരുപതാം നൂറ്റാണ്ടിലെ അതിഭാവുകത്വത്തിലധിഷ്ഠിതമായ ‘ഫ്യൂച്ചറിസ്റ്റ് ‘ രചനാസങ്കേതത്തിന്റെ അത്യന്താധുനികമായ ആശയ വിനിമയമാണ് ‘മൂവിംഗ് ഏജി ‘ലുടെ ഈ ചിത്രകാരന്‍ സാധ്യമാക്കുന്നത്.
2009 ല്‍ ആരംഭിച്ച ചിത്രകൂടം പെയിന്റിംഗ് കമ്യൂണിറ്റിയുടെ മേധാവിയും കൊയിലാണ്ടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ക്യൂ ബ്രഷ് ‘ ഗ്രൂപ്പിന്റെ സെക്രട്ടറിയുമാണ് ഈ കലാകാരന്‍. പെയിന്റിംഗില്‍ മോഡേണ്‍ ആര്‍ട്ടില്‍ ബിരുദവും മാഹി കലാഗ്രാമത്തില്‍ നിന്ന് പഞ്ച വര്‍ഷ പെയിന്റിംഗ് ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയ-സംസ്ഥാന തല ചിത്രകലാ ക്യാമ്പുകളിലും എക്‌സിബിഷനുകളിലും പങ്കെടുത്തിട്ടുണ്ട്. കൊരയങ്ങാട് കലാക്ഷേത്രത്തിലെ ചിത്രകലാ അധ്യാപകനും കേരള ലളിതകലാ അക്കാദമി അംഗീകൃത ആര്‍ട്ടിസ്റ്റുമായ സായിപ്രസാദ് ചിത്രകൂടം കൊയിലാണ്ടി പന്തലായനി സ്വദേശിയാണ്.

Show More

Related Articles

Back to top button
error: Content is protected !!