KoyilandyNewsTrending

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മാധ്യമപ്രവര്‍ത്തകനു നേരെ ആള്‍ക്കൂട്ട ആക്രമണം

കോഴിക്കോട്: ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങിയ മാധ്യമപ്രവര്‍ത്തകനു നേരെ ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചെത്തിയവരുടെ സദാചാര ഗുണ്ട ആക്രമണം. ‘മാധ്യമം’ ദിനപത്രം കോഴിക്കോട് ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ സി.പി ബിനീഷിനെയാണ് നരിക്കുനിക്കടുത്ത് കാവുംപൊയിലില്‍ ആള്‍ക്കുട്ടം ആക്രമിച്ചത്. ബുധനാഴ്ച രാത്രി പത്ത് മണിക്ക് പൂനുരിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഒരു വിഭാഗം നാട്ടുകാര്‍ അഴിഞ്ഞാടിയത്. മോഷ്ടാവെന്ന് പറഞ്ഞായിരുന്നു മുക്കാല്‍ മണിക്കൂറോളം നടുറോഡില്‍ രാത്രി തടഞ്ഞുവെച്ചതും അപമാനിച്ചതും. സംഭവത്തില്‍ കൊടുവള്ളി പൊലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമം 143 (അന്യായമായി സംഘം ചേരല്‍), 147,148 ( മാരകായുധമേന്തി കലാപം), 341 (തടഞ്ഞ് വെക്കല്‍), 323 (ആയുധമില്ലാതെ പരിക്കേല്‍പ്പിക്കല്‍) 506 (ഭീഷണിപ്പെടുത്തല്‍), 269 (ജീവന് ഹാനികരമായ രോഗം പരത്തുന്ന പ്രവൃത്തി) എന്നീ കുറ്റങ്ങള്‍ക്ക് കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെയാണ് കേസ്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെ ഫോണിലേക്ക് വിളി വന്നപ്പോള്‍ വണ്ടി നിര്‍ത്തി കാള്‍ റദ്ദാക്കി വീണ്ടും യാത്രതുടരുന്നതിനിടെയാണ് കാവുംപൊയില്‍ സ്വദേശി ഭീഷണിയുമായി ആദ്യമെത്തിയത്. മോഷ്ടാവല്ലെന്ന് പത്രക്കാരനാണെന്ന് പറഞ്ഞിട്ടും ഇയാള്‍ കൂടുതല്‍ പേരെ വിളിച്ചുവരുത്തുകയായിരുന്നു. ആദ്യം 15ഓളം പേര്‍ വടിയുമായെത്തി ബിനീഷിനെ കാര്യമറിയാതെ കയ്യേറ്റം ചെയ്യുകയായിരുന്നു. പിന്നീട് പലഭാഗങ്ങളില്‍ നിന്നും നാട്ടുകാര്‍ റോഡിലേക്ക് കുതിച്ചെത്തി അപമാനം തുടര്‍ന്നു. നൂറോളം പേരാണ് ഒടുവില്‍ സ്ഥലത്തുണ്ടായിരുന്നത്. മാസ്‌ക് ധരിക്കാത്തവരായിരുന്നു ഇതില്‍ ഭൂരിപക്ഷവും. മോഷ്ടാവിനെ പിടിച്ചെന്ന് പറഞ്ഞ് ബിനീഷിന്റെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുകയും ചെയ്തതായി കൊടുവള്ളി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനിടെ സ്ഥലത്ത് നിന്ന് പോകാനൊരുങ്ങുന്നതിനിടെ ഗുണ്ടസംഘം സ്‌കൂട്ടറിന്റെ താക്കോല്‍ ഊരിമാറ്റി വണ്ടി തടഞ്ഞിട്ടു. സ്ഥലത്തെത്തിയ പഞ്ചായത്ത് അംഗം പ്രശ്‌നം പരിഹരിക്കുന്നതിന് പകരം വഷളാക്കാനാാണ് ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഏഴ്മണിക്ക് ശേഷം പുറത്തിറങ്ങാന്‍ പാടില്ലെന്നായിരുന്നു വിഷയമറിഞ്ഞ് വിളിച്ച കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ല പ്രസിഡണ്ടിനോട് പഞ്ചായത്ത് അംഗത്തിന്റെ പ്രതികരണം.
കൊടുവള്ളി സി.ഐ പി. ചന്ദ്രമോഹനെ ബിനീഷ് വിളിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം എത്തി. മോഷ്ടാക്കളുടെ ശല്യമുള്ളതിനാലാണ് നാട്ടുകാര്‍ ഇടപെട്ടതെന്ന് സ്ഥലത്തെത്തിയ ഗ്രേഡ് എസ്‌ഐയും പോലീസുകാരും പറഞ്ഞു. മൂക്കാല്‍ മണിക്കൂറോളം അപമാനിച്ച ശേഷം ഒടുവില്‍ വിട്ടയക്കുകയായിരുന്നു. ബിനീഷ് വ്യാഴാഴ്ച രാവിലെ കൊടുവള്ളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ശക്തമായ നടപടി വേണമെന്ന് കെ.യു.ഡബ്ല്യു.ജെ.

കോഴിക്കോട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ‘മാധ്യമം’ സീനിയര്‍ റിപ്പോര്‍ട്ടര്‍ സി.പി.ബിനീഷിനെ കാവുംപൊയിലില്‍ വച്ച് തടഞ്ഞുവെക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഘത്തിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ മീഡിയ അക്രഡിറ്റേഷന്‍ കാര്‍ഡും സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡും കാട്ടിയിട്ടും അതൊന്നും കൂട്ടാക്കാതെ കുറ്റവാളിയെ പോലെ ബിനീഷിനെ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയുമാണ് ഈ ആള്‍ക്കൂട്ടം ചെയ്തത്. മാധ്യമപ്രവര്‍ത്തനം അവശ്യസര്‍വീസിന്റെ ഭാഗമായാണ് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ പരിഗണിക്കുന്നത്. മാധ്യമപ്രവര്‍ത്തകരുടെ സഞ്ചാരത്തെ ഒരുതരത്തിലും തടസ്സപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി തന്നെ പലവട്ടം പറഞ്ഞതുമാണ്. കോവിഡ്-19 പ്രോട്ടോക്കോള്‍ ലംഘിച്ച് കൂട്ടം കൂടി നിയമം കൈയിലെടുക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. പോലീസിന്റെ പണി നാട്ടുകാര്‍ ഏറ്റെടുക്കുന്നത് അരാജകത്വത്തിലേക്ക് വഴി തെളിക്കും. അക്രമികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോലീസ് അടിയന്തരനടപടി സ്വീകരിക്കണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡണ്ട് എം. ഫിറോസ് ഖാനും സെക്രട്ടറി പി.എസ്.രാകേഷും ആവശ്യപ്പെട്ടു.

ഗുണ്ടകള്‍ക്കെതിരെ നടപടിയെടുക്കണം -എം.ജെ.യു
കോഴിക്കോട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാധ്യമം സീനിയര്‍ റിപ്പോര്‍ട്ടര്‍ സി.പി.ബിനീഷിനെ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സദാചാര ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മാധ്യമം ജേര്‍ണലിസ്റ്റ് യൂനിയന്‍ പ്രസിഡന്റ് എന്‍. രാജേഷും സെക്രട്ടറി ഹാഷിം എളമരവും ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരുടെ സഞ്ചാരസ്വാതന്ത്രൃം തടയും വിധം ഗുണ്ടായിസവും ആള്‍ക്കൂട്ട ആക്രമണവും നടത്തുന്നത് വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അധികാരികള്‍ വിഷയം ഗൗരവത്തിലെടുത്ത് ഇടപെടണമെന്നും ഇരുവരും പ്രസ്താവനയില്‍ പറഞ്ഞു.

Show More

Related Articles

Back to top button
error: Content is protected !!