Art&Literature

വരയും വോളിയും സേതുലക്ഷ്മിക്കു സ്വന്തം


വടകര: എതിരാളികളുടെ കോര്‍ട്ടിലേക്ക് മിന്നും സ്മാഷുകള്‍ പായിക്കുന്ന അറ്റാക്കറാണ് സേതുലക്ഷ്മി. കേരള പോലീസ് താരത്തിന്റെ കൈകരുത്ത് എതിര്‍ ടീമുകള്‍ അനുഭവിച്ച് അറിഞ്ഞിട്ടുമുണ്ട്. ഇപ്പോള്‍ ഈ ലോക്ക് ഡൗണ്‍ കാലത്ത് സേതുവിന്റെ കൈയില്‍ നിന്ന് ഉതിരുന്നതാവട്ടെ കിടിലന്‍ സ്മാഷുകളല്ല പകരം വര്‍ണചിത്രങ്ങളാണ്.
നാട്ടില്‍ തിരിച്ചെത്തിയ സേതുവിന് വടകര സ്റ്റേഷനിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ എത്തിയാല്‍ പിന്നെ പ്രധാനവിനോദം ചിത്രംവരയാണ്. പെന്‍സില്‍, വാട്ടര്‍ കളര്‍ എന്നിവ ഉപയോഗിച്ചാണ് വര. വോളിബോള്‍ മാത്രമല്ല ചിത്രകലയും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് ഈ പത്തൊമ്പതുകാരി.
വടകര ചോറോട് ചേന്ദമംഗലം മണലൊടി കുനിയില്‍ രാധാകൃഷ്ണന്റെയും അനിതകുമാരിയുടെയും മകളായ സേതുലക്ഷ്മി വടകര സെന്റ് ആന്റണീസ് സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് വോളിബോള്‍ കളിച്ചു തുടങ്ങുന്നത്. മേരിക്കുട്ടി ടീച്ചറായിരുന്നു ആദ്യ പരിശീലക. തലശേരി സായിയിലെ ബാലചന്ദ്രന്‍ സാറിന് കീഴിലുള്ള പരിശീലനമാണ് പ്രൊഫഷണല്‍ താരമായി വളര്‍ത്തിയത്. പ്ലസ് ടുവിന് പഠിക്കുമ്പോള്‍ സൗത്ത് ആഫ്രിക്കയില്‍ നടന്ന ബ്രിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജൂനിയര്‍ ടീമിനായി ജേഴ്‌സി അണിഞ്ഞു.
കളിക്കളത്തിലെ മിന്നും പ്രകടനം ചെറുപ്പത്തിലെ സര്‍ക്കാര്‍ സര്‍വീസിലും എത്തിച്ചു. തലശേരി ബ്രണ്ണന്‍ കോളജില്‍ രണ്ടാം വര്‍ഷ ബിരുദ പഠനം നടത്തി കൊണ്ടിരിക്കെ തന്നെ കേരള പോലീസില്‍ ജോലി നേടി. ഇന്ത്യന്‍ വോളിയില്‍ കേരളത്തിന്റെ പുത്തന്‍ പ്രതീക്ഷയാണ് ഈ വടകരക്കാരി.

Show More

Related Articles

Back to top button
error: Content is protected !!