News

വിവിധ സേവനങ്ങള്‍ക്ക് കോവിഡ്-19 ജാഗ്രതാ പോര്‍ട്ടല്‍

കോഴിക്കോട്: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച കോവിഡ് 19 ജാഗ്രതാ വെബ് പോര്‍ട്ടല്‍ പൊതുജനങ്ങള്‍ക്കും വിവിധ സേവനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. താഴെ സേവനങ്ങളാണ് വെബ് ആപ്ലിക്കേഷന്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാകുക.
പരാതികളും അഭ്യര്‍ഥനകളും
ജില്ലയില്‍ ജനങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകളോ പരാതികളോ ഉണ്ടെങ്കില്‍ ജില്ലാഭരണകൂടത്തെ ഈ പോര്‍ട്ടലിലൂടെ അറിയിക്കാം. മറ്റു സംസ്ഥാനങ്ങളില്‍ പെട്ടുപോയ കോഴിക്കോട്ടുകാരുണ്ടെങ്കില്‍ അവരെ സഹായിക്കാന്‍ കോഴിക്കോടന്‍ ഹെല്‍പ് ഡെസ്‌ക് ജില്ലയില്‍ സദാസമയവും പ്രവര്‍ത്തിക്കുന്നുണ്ട്.
സത്യവാങ്മൂലം
അടിയന്തരസേവനങ്ങള്‍ക്കും ആവശ്യവസ്തുക്കള്‍ക്കുമായി പുറത്തിറങ്ങുന്ന വ്യക്തികള്‍ അതു തെളിയിക്കാന്‍ സത്യവാങ്മൂലം കൈയില്‍ കരുതേണ്ടതുണ്ട്. വാഹനത്തിന്റെ വിശദാംശങ്ങളും യാത്രയുടെ ഉദ്ദേശ്യവും ഓണ്‍ലൈനായി പൂരിപ്പിച്ചു നല്‍കിയശേഷം കൊടുത്തിരിക്കുന്ന നമ്പറിലേക്കു ലഭിക്കുന്ന എസ്എംഎസില്‍ സത്യവാങ്മൂലം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
വൊളന്റിയര്‍ രജിസ്ട്രേഷന്‍
സംസ്ഥാനസര്‍ക്കാരിന്റെ സന്നദ്ധസേവന പ്രവര്‍ത്തനങ്ങളില്‍ അണിചേരാന്‍ താത്പര്യമുള്ള വ്യക്തികള്‍ക്ക് ഈ പോര്‍ട്ടലിലൂടെ സന്നദ്ധസേനയിലേക്കു ചേരാനുള്ള ഫോറം പൂരിപ്പിച്ചു നല്‍കാം
അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും ലഭ്യത
അവശ്യവസ്തുക്കള്‍ക്കും ചരക്കുഗതാഗതത്തിനുംവേണ്ടി ജില്ലയ്ക്കകത്തും പുറത്തും സംസ്ഥാനത്തിന് പുറത്തും സഞ്ചരിക്കുന്ന വ്യക്തികള്‍ക്കും വ്യാപാരസ്ഥാപനങ്ങളുടെ ഉടമകള്‍ക്കും വാഹനത്തിനുള്ള പാസ് പോര്‍ട്ടലിലൂടെ ലഭ്യമാകും.
വെല്‍ഫെയര്‍ ഡാഷ്ബോര്‍ഡ്
പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിയ സേവനങ്ങളുടെ വിശദശാംശങ്ങള്‍ പോര്‍ട്ടലില്‍ ലഭ്യമാണ്. ജില്ലയില്‍ ആകെ ക്വാറന്റൈനില്‍ കഴിയുന്ന വ്യക്തികളുടെ എണ്ണം, പൊതുവിതരണ ശൃംഖലയിലൂടെ വീടുകളില്‍ വസ്തുക്കള്‍ ലഭിച്ചവരുടെ എണ്ണം, ഭക്ഷണവും സഹായവും ആവശ്യമുള്ള മുതിര്‍ന്നവരുടെയും സഹായം ലഭ്യമാക്കിയിട്ടുള്ളവരുടെയും എണ്ണം, സഹായം ലഭ്യമാക്കിയ അബലരുടെ എണ്ണം, സഹായം ലഭ്യമാക്കിയ കിടപ്പുരോഗികളുടെ എണ്ണം, ഭക്ഷണം ലഭ്യമാക്കിയ അതിഥിതൊഴിലാളികളുടെ എണ്ണം, കുടുംബശ്രീ വഴിയുള്ള കൗണ്‍സലിങ് ലഭിച്ചവരുടെ എണ്ണം മുതലായ വിശദശാംശങ്ങള്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.
വെബ്പോര്‍ട്ടലിന്റെ ലിങ്ക്: http://covid19jagratha.kerala.nic.in.

Show More

Related Articles

Back to top button
error: Content is protected !!