News

അഴിയൂരിലെ കോഴിവില്‍പന: പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി


അഴിയൂര്‍: മൊത്തവില്‍പന വിലയേക്കാള്‍ വിലകുറച്ച് അഴിയൂരില്‍ കോഴി വില ഏകീകരിച്ചതിലുണ്ടായ പ്രശ്‌നം അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂര്‍ ചുങ്കം യൂണിറ്റ് പഞ്ചായത്ത് സിക്രട്ടറിക്ക് നിവേദനം നല്‍കി. മൊത്ത വിലയുടെ സൂചിക പരിഗണിച്ച് ജില്ലാ അധികാരികള്‍ 130-170 രൂപയാണ് കോഴിക്ക് ചില്ലറ വില്പന നിശ്ചയിച്ചത്. അഴിയൂരില്‍ കോഴി മാലിന്യ സംസ്‌കരണത്തിന് ഏഴു രൂപ ഓരോ കിലോ മാലിന്യത്തിനും കച്ചവടക്കാര്‍ക്ക് അധികഭാരമുണ്ട്. കോഴിപ്പനി വന്നത് മൂലം കോഴി മേഖലയില്‍ വന്‍ പ്രതിസന്ധിയാണ്. ലോക്ക്ഡൗണ്‍ കാരണം കച്ചവടക്കാരുടെ മറ്റ് ജീവിത പ്രതിസന്ധിയും നിലനില്‍ക്കെയാണ് നഷ്ടത്തിലുള്ള കോഴിവില്‍പന.
കോഴി ലഭിക്കാത്തത് കാരണം ഓരോ ദിവസവും മൊത്ത വില മാറുന്ന സാഹചര്യത്തില്‍ പത്ത് ദിവസം വില ഏകീകരിച്ചത് അപ്രായോഗിക നടപടി ആയിരുന്നു. എന്നിട്ടും നാല് ദിവസം കച്ചവടക്കാര്‍ സഹകരിച്ചിട്ടുണ്ട്. ആയതിനാല്‍ അടിയന്തിരമായി കോഴി വില പുതുക്കി നിശ്ചയിക്കണമെന്ന് യൂണിറ്റ് ജനറല്‍ സിക്രട്ടറി സാലിം അഴിയൂര്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പ്രസിഡണ്ട് വി.പി.ജയന്‍, സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് എന്നിവരുമായി ചര്‍ച്ച നടത്തി. ശനിയാഴ്ച വിഷയത്തില്‍ തീരുമാനം എടുക്കാമെന്ന് ഇരുവരും അറിയിച്ചു. കോഴി വ്യാപാരികളായ അഷ്‌റഫ് കെ എം, റഹീസ് എം ടി, ഷഹ്‌സീര്‍ എന്‍, റഹീസ് എം വി , ഷാക്കിര്‍ ആര്‍ എം, റാണ്ടിസ് എന്നിവര്‍ സംബന്ധിച്ചു.

Show More

Related Articles

Back to top button
error: Content is protected !!