NewsTrending

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍: കേരളത്തെ അഭിനന്ദിച്ച് ലോക്സഭാ സ്പീക്കര്‍

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം സ്വീകരിച്ച നടപടികള്‍ മാതൃകാപരമെന്ന് ഓം ബിര്‍ല പറഞ്ഞു. നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ ഫോണില്‍ വിളിച്ചാണ് ഓം ബിര്‍ല ഇക്കാര്യം പറഞ്ഞത്. കേരള സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും അഭിനന്ദനം അറിയിക്കണമെന്ന് ഓം ബിര്‍ല പറഞ്ഞതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
നേരത്തെ കേരള ഹൈക്കോടതിയും സുപ്രീം കോടതിയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകശ്രദ്ധ നേടിയിരുന്നു. ബിബിസി അടക്കമുള്ള മാധ്യമങ്ങളില്‍ കേരള മോഡല്‍ ചര്‍ച്ചയായി. നിരവധി ദേശീയ മാധ്യമങ്ങളിലും കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനു മാതൃകയാണെന്ന് വിലയിരുത്തിയിരുന്നു.
ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ കോവിഡ് രോഗികള്‍ രോഗം ഭേദമായി ആശുപത്രിവിട്ടത് കേരളത്തിലാണ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പത്തനംതിട്ട റാന്നി സ്വദേശികളായ തോമസ് ഏബ്രഹാം (93), മറിയാമ തോമസ് (88) എന്നിവരാണ് ആശുപത്രിവിട്ടത്. ഇന്നലെ വൈകുന്നേരമാണ് ഇവര്‍ വീട്ടിലേക്ക് മടങ്ങിയത്.
ലോകത്ത് തന്നെ 60 വയസിന് മുകളില്‍ കോവിഡ് ബാധിച്ചവരെ ഹൈ റിസ്‌ക്കിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം രോഗികള്‍ മരണത്തില്‍നിന്നും രക്ഷപ്പെടുന്നത് ലോകത്തില്‍ തന്നെ അത്യപൂര്‍വ സംഭവമായി വിലയിരുത്തുന്നു. 90 വയസിനു മുകളിലുള്ള രോഗികള്‍ കോവിഡിനെ തോല്‍പ്പിച്ച സംഭവം ഒരെണ്ണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറ്റലിയില്‍നിന്നുള്ള 100 വയസിനു മുകളില്‍ പ്രായമുള്ള മുത്തശിയായിരുന്നു ആ അദ്ഭുത വനിത. ഈ സാഹചര്യത്തിലാണ് തോമസിന്റേയും മറിയാമ്മയുടേയും രോഗമുക്തി കേരളത്തിന് ഇരട്ടി മധുരമാകുന്നത്.

.

Show More

Related Articles

Back to top button
error: Content is protected !!