NewsVatakara

ഉല്‍പാദന മേഖലക്ക് ഊന്നല്‍; വടകര നഗരസഭക്ക് 120 കോടിയുടെ ബജറ്റ്




വടകര : ഉല്‍പാദനമേഖലയ്ക്ക് മുന്‍ഗണനനല്‍കി വടകര നഗരസഭാ ബജറ്റ്. 120,02,36,254 രൂപ വരവും 109,51,50,653 രൂപ ചെലവും 10,50,85,601 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പി. ബിന്ദു അവതരിപ്പിച്ചു.
കൊറോണബാധയുടെ സാഹചര്യത്തില്‍ പാര്‍ട്ടി കൗണ്‍സില്‍ ലീഡര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്താണ് ബജറ്റിന് അംഗീകാരം നല്‍കിയത്. ഉത്പാദനമേഖലയ്ക്ക് 17,42,29,702 രൂപയും സേവനമേഖലയ്ക്ക് 76,20,0278 രൂപയും പശ്ചാത്തലമേഖലയ്ക്ക് 6,35,36,366 രൂപയും നീക്കിവെച്ചിട്ടുണ്ട്.
‘തരിശുരഹിത വടകര’ എന്ന ലക്ഷ്യത്തോടെ കരനെല്‍കൃഷി, ജൈവപച്ചക്കറികൃഷി എന്നിവയ്ക്ക് പദ്ധതി നടപ്പാക്കും. മത്സ്യമേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനും മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസസൗകര്യമൊരുക്കാനും തുക വകയിരുത്തി. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നാരായണനഗരം മത്സ്യമാര്‍ക്കറ്റ്, താഴെ അങ്ങാടി മത്സ്യമാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാന്‍ അഞ്ചുകോടിരൂപയുടെ ഡി.പി.ആര്‍. സമര്‍പ്പിച്ചതായും ബജറ്റില്‍ വ്യക്തമാക്കി. പട്ടികജാതി-വര്‍ഗ വിഭാഗത്തിന്റെ ക്ഷേമത്തിനായി വീടുനിര്‍മാണം, വീട് വാസയോഗ്യമാക്കല്‍, കിണര്‍ നവീകരണം, വീട് വൈദ്യുതീകരണം, വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണം, പഠനമുറി, ലാപ്‌ടോപ്പ്, സ്‌കോളര്‍ഷിപ്പ് മുതലായ പദ്ധതികളും വിഭാവനം ചെയ്തതായി ബജറ്റില്‍ ഉറപ്പുനല്‍കുന്നു.
വ്യവസായമേഖലയില്‍ വനിതകള്‍ക്ക് ഓട്ടോ വാങ്ങാന്‍ പദ്ധതിയുണ്ട്., നേന്ത്രക്കായയില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നം നിര്‍മിക്കുന്ന യൂണിറ്റ് തുടങ്ങും. സ്ഥലമില്ലാത്ത അങ്കണവാടികള്‍ക്ക് സ്ഥലം വാങ്ങല്‍, ബഡ്സ് സ്‌കൂള്‍, വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം, ഭിന്നശേഷി സ്‌കോളര്‍ഷിപ്പ് എന്നിവയ്ക്ക് തുക വകയിരുത്തി.
നഗരപരിധിയിലെ തെഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ കായികപരിശീലനത്തിനായി നാലുലക്ഷവും വിദ്യാര്‍ഥികള്‍ക്ക് ആകാശപഠനം നടത്തുന്നതിന് ബഹിരാകാശകേന്ദ്രത്തിന്റെ കാര്യക്ഷമതവര്‍ധിപ്പിക്കാന്‍ രണ്ടുലക്ഷവും നീക്കിവെച്ചു. വിദ്യാലയങ്ങളില്‍ ഗണിതലാബ് ഒരുക്കാനും സര്‍ക്കാര്‍ സ്‌കൂളുകളില്‍ സോളാര്‍പാനല്‍ സ്ഥാപിക്കാനും ബജറ്റില്‍ തുകയുണ്ട്. കളരിപാരമ്പര്യത്തിന്റെ ഓര്‍മ നിലനിര്‍ത്താന്‍
കളരി ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഗാലറി സ്ഥാപിക്കും. സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കാന്‍ പൈപ്പ് ലൈന്‍ വലിക്കാന്‍ തുക വകയിരുത്തി.പണിക്കോട്ടിയിലെ മാതൃ-ശിശു സംരക്ഷണകേന്ദ്രം പി. എച്ച്.സി.യായി ഉയര്‍ത്താന്‍ 15 ലക്ഷം രൂപയുണ്ട്.
വാസയോഗ്യമല്ലാത്ത വീടുകള്‍ വാസയോഗ്യമാക്കാന്‍ 30 ലക്ഷവും വിശപ്പുരഹിതകേരളത്തിന്റെ ഭാഗമായി ജനകീയഹോട്ടല്‍ സ്ഥാപിക്കാന്‍ വാര്‍ഷികപദ്ധതിയിലും ബജറ്റിലും രണ്ടുലക്ഷംരൂപ വീതവും നീക്കിവെച്ചു.
ചെയര്‍മാന്‍ കെ. ശ്രീധരന്‍ ആമുഖപ്രസംഗം നടത്തി.



Show More

Related Articles

Back to top button
error: Content is protected !!