KoyilandyNews

നിരീക്ഷണം ശക്തമാക്കും; എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കണം: കലക്ടര്‍


വടകര: കോവിഡ് – 19 വ്യാപനം ഫലപ്രദമായി തടയുന്നതിന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്കും വാര്‍ഡ് തല ദ്രുതകര്‍മസേന കള്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിറക്കി.
നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തികള്‍ വീടുകളില്‍ പ്രത്യേകം മുറികളിലാണ് കഴിയുന്നതെന്ന് വാര്‍ഡ് തല ദ്രുതകര്‍മസേനകള്‍ ഉറപ്പുവരുത്തണം. ഇവര്‍ക്ക് പ്രത്യേകമായി ശുചിമുറികള്‍ ഉണ്ടായിരിക്കണം.
നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തി മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇവര്‍ക്ക് ഭക്ഷണം നല്‍കുന്നത് ഒരേ ആള്‍ തന്നെ ആയിരിക്കണം. നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തികളുള്ള വീടുകളില്‍ ആവശ്യമുള്ള പക്ഷം പൊതുവിതരണ സംവിധാനം വഴി ഭക്ഷണലഭ്യത ഉറപ്പാക്കേണ്ടത് വാര്‍ഡുതല ദ്രുതകര്‍മ്മ സേനയുടെ ചുമതലയാണ്. റേഷനിങ് ഇന്‍സ്‌പെക്ടര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള സാധനങ്ങള്‍ എത്തിച്ചു നല്‍കണം.
കിടപ്പു രോഗികള്‍ക്കും ആരും സഹായിക്കാനില്ലാത്ത വൃദ്ധര്‍ക്കും ഭക്ഷണം എത്തിച്ചു നല്‍കണം. അനാഥരായവരെയും തെരുവില്‍ കഴിയുന്നവരെയും കണ്ടെത്തി അവര്‍ക്ക് ഭക്ഷണവും സംരക്ഷണവും എത്തിക്കേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപന ദ്രുതകര്‍മ്മ സേനയുടെ ഉത്തരവാദിത്തമാണ്. ഇക്കാര്യത്തില്‍ സന്നദ്ധ സംഘടനകളുടെ സഹായം പ്രയോജനപ്പെടുത്താം. സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ട് ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ യൂണിറ്റുകളുടെ സഹായത്തോടെ പാചകം ചെയ്ത് ഭക്ഷണപ്പൊതികളായി വിതരണം ചെയ്യാം. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഓരോ കുടുംബശ്രീ യൂണിറ്റുകള്‍ കണ്ടെത്തി വിവരങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അറിയിച്ചിട്ടുണ്ട്. ഉത്തരവില്‍ പറഞ്ഞ എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കും ഭക്ഷണം ലഭിക്കുന്നുവെന്ന്
ദ്രുതകര്‍മസേന ഉറപ്പുവരുത്തണം. ഇക്കാര്യം ഉറപ്പാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ജില്ലാതലത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് , ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ ടീം രൂപീകരിച്ചിട്ടുണ്ട്. ഒരു സന്നദ്ധ സംഘടനയും സ്വന്തം നിലയില്‍ ഈ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ പാടില്ല. താല്പര്യമുള്ള സന്നദ്ധസംഘടനകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖാന്തരം മാത്രമേ പ്രവര്‍ത്തിക്കാവൂ. ഏതെങ്കിലും ഒരു സംഘടനയുടെയോ സ്ഥാപനത്തിന്റെയോ പ്രചാരണത്തിന് വേണ്ടി ഈ അവസരം ഉപയോഗിക്കുന്നില്ല എന്ന് തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണം. ഭക്ഷണ വിതരണം കാര്യക്ഷമമായി നടത്താന്‍ വളണ്ടിയര്‍മാരുടെ ചെറിയ ഗ്രൂപ്പ് ഉണ്ടാക്കി അവര്‍ക്ക് ആവശ്യമായ തിരിച്ചറിയല്‍ കാര്‍ഡ് തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി
നല്‍കണം.
മുന്‍സിപ്പാലിറ്റി-കോര്‍പ്പറേഷന്‍ പരിധികളിലെ റസ്റ്റോറന്റ്/ ഹോട്ടലുകള്‍ പാഴ്‌സല്‍ സര്‍വീസ് / ഹോം ഡെലിവറിയായി പ്രവര്‍ത്തിക്കണം. ഇവിടെയുള്ള ജീവനക്കാര്‍ക്കും പാചകത്തൊഴിലാളികള്‍ക്കും ഭക്ഷണം ഡെലിവറി നടത്തുന്ന ജീവനക്കാര്‍ക്കുള്ള പാസ് പഞ്ചായത്ത് സെക്രട്ടറിമാര്‍ നല്‍കണം. വാര്‍ഡുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശിക്കണം. ഇതിനുവേണ്ട വാഹനസൗകര്യം തദ്ദേശസ്വയംഭരണവകുപ്പ് ഏര്‍പ്പെടുത്തേണ്ടതും ഫണ്ട് പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്ന് വഹിക്കേണ്ടതുമാണ്.
നെല്‍വയലുകളില്‍ വിളവെടുപ്പു നടത്തുന്നതിന് തടസ്സമില്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിളവെടുപ്പ് നടത്തുന്നതെന്ന് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം. നിരീക്ഷണത്തില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാനുള്ള ദ്രുതകര്‍മസേനകളില്‍ പോലീസിനെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരും വാര്‍ഡ് തല ദ്രുതകര്‍മ്മ സേനയും അടക്കമുള്ളവര്‍ നിലവിലുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ശക്തമാക്കേണ്ടതും നിരീക്ഷണത്തിലുള്ള ആളുകള്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടതുമാണ്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ പോലീസില്‍ അറിയിച്ച് കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണം. നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തികള്‍ക്ക് ഏതെങ്കിലും രോഗലക്ഷണം ഉണ്ടായാല്‍ ഉടന്‍ തന്നെ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടുകയും 108 ആംബുലന്‍സില്‍ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും വേണം. അവര്‍ ഒരു സാഹചര്യത്തിലും പൊതുഗതാഗതം ഉപയോഗിക്കുന്നില്ല എന്ന് ദ്രുതകര്‍മസേന ഉറപ്പുവരുത്തണം. ഇവര്‍ തിരിച്ചു വീട്ടിലേക്ക് വരേണ്ടതും ആംബുലന്‍സില്‍ത്തന്നെ ആയിരിക്കണം.
ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമം കരാറുകാരുടെ ഉത്തരവാദിത്വത്തില്‍ ഉറപ്പാക്കണം. അവര്‍ തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസവും ഉറപ്പുവരുത്തണം. അല്ലാത്ത സാഹചര്യത്തില്‍ ഭക്ഷണം ഉറപ്പാക്കേണ്ടത് തദ്ദേശസ്വയംഭരണ ദ്രുതകര്‍മ്മ സേനയുടെ ഉത്തരവാദിത്തമാണ്. പോലീസ് സഹായത്തോടെ ദ്രുതകര്‍മസേനകള്‍ ഇവരുടെ ക്യാമ്പുകള്‍ പരിശോധിച്ച് ഇക്കാര്യം ഉറപ്പു വരുത്തണം. ആവശ്യമെങ്കില്‍ ഇവരെ താമസിപ്പിക്കാന്‍ ഒരു പൊതു സ്ഥലം കണ്ടെത്തേണ്ടതും ദ്രുതകര്‍മ്മ സേനയുടെ ചുമതലയാണ്.
നിരീക്ഷണം നിര്‍ദ്ദേശിച്ച ആളുകള്‍ക്ക് ആവശ്യമായ മാനസിക പിന്തുണ കുടുംബശ്രീ കൗണ്‍സിലര്‍മാര്‍ നല്‍കണം. ആവശ്യങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി അവ കൃത്യമായി ആസൂത്രണം ചെയ്ത് ഫലപ്രദമായി വിതരണം ചെയ്യാനുള്ള നടപടികള്‍ തദ്ദേശസ്വയംഭരണ ദ്രുതകര്‍മസേന കൈക്കൊള്ളേണ്ടതാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഫോണ്‍ നമ്പറുകള്‍ വാട്‌സ്ആപ്പ് മുഖേന അറിയിക്കുന്നത് ആവശ്യങ്ങള്‍ മുന്‍കൂട്ടി ദ്രുതകര്‍മസേന അറിയിക്കാന്‍ സഹായകമാകും. തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍, ഹെല്‍ത്ത് ഓഫീസര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ കോവിഡ് -19 ജാഗ്രത ആപ്പ് നിര്‍ബന്ധമായും ഉപയോഗിക്കണം. വില്ലേജ് ഓഫീസര്‍മാരും പോലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന വില്ലേജ് സ്‌ക്വാഡുകള്‍ ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ നടത്തുകയും സര്‍ക്കാര്‍ ഉത്തരവുകള്‍ നടപ്പാക്കുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യണം.
ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് സപ്ലൈസ്, ഗതാഗത നിയന്ത്രണം, ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമം, കോഡിനേഷന്‍ ആന്റ് മൊബിലൈസേഷന്‍, ലോ ആന്റ് ഓര്‍ഡര്‍ തുടങ്ങിയ കോഡിനേഷന്‍ ടീമുകള്‍ ജില്ലാ തലത്തില്‍ രൂപവല്‍കരിച്ചിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. നോഡല്‍ ഓഫീസര്‍മാര്‍ അവരവരുടെ പരിധിയിലെ എല്ലാ തലത്തിലുള്ള പരാതികളിലും നടപടികള്‍ സ്വീകരിച്ച് വിവരം എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ വിവരിക്കണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി.

Show More

Related Articles

Back to top button
error: Content is protected !!