NewsVatakara

അറക്കിലാട് റോഡില്‍ വെള്ളക്കെട്ട് നികത്തുന്നു; പരാതിയുമായി കര്‍മസമിതി


വടകര: അറക്കിലാട് റോഡില്‍ വയല്‍ പീടികക്കു സമീപം റോഡിന് പടിഞ്ഞാറു ഭാഗത്തെ വെള്ളക്കെട്ട് നികത്തുന്നതിനെതിരെ കര്‍മ സമിതി രംഗത്ത്. മഴയില്‍ ധാരാളം വെള്ളം ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ള ഈ പ്രദേശം നികത്തിയാല്‍ മഴക്കാലത്ത് സ്ഥിതി ഗുരുതരമാവുമെന്നു വെള്ളപ്പൊക്ക നിവാരണ കര്‍മ സമിതി മുന്നറിയിപ്പു നല്‍കി.
കഴിഞ്ഞ മഴക്കാലത്ത് വെള്ളപ്പൊക്കം ഉണ്ടായ കാര്യം നാട്ടുകാര്‍ ഓര്‍ത്തെടുക്കുന്നു. കഴിഞ്ഞ മേയ്, ജൂണ്‍ മാസങ്ങളിലെ മഴയില്‍ നഗരസഭയിലെ 5, 6, 11 വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന അറക്കിലാട് റോഡിന്റെ ഇരുവശവുമുള്ള സ്ഥിരതാമസക്കാരായ 45 കുടുബങ്ങള്‍ക്കാണ് വീട് ഒഴിയേണ്ടി വന്നത്. വെള്ളം താഴുന്നതു വരെ അറക്കിലാട് ഭാഗത്തേക്ക് വാഹനങ്ങള്‍ ഓടിയിരുന്നില്ല.
ധാരാളം വെള്ളം ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ള വെള്ളക്കെട്ട് നികത്തിയാല്‍ വെള്ളപ്പൊക്കത്തിന്റെ ആഘാതം കടുത്തതായിരിക്കുമെന്നും ശുദ്ധജലക്ഷാമം രൂക്ഷമാകുമെന്നും വള്ളപ്പൊക്ക നിവാരണ കര്‍മ സമിതി മൂന്നറിയിപ്പു നല്‍കി. അതിനാല്‍ നിയമാനുസ്യതമല്ലാതെ വെള്ളക്കെട്ട് നികത്തുന്ന സ്ഥല ഉടമകള്‍ക്ക് എതിരെ നടപടി എടുക്കണമെന്നും അധികതരുടെ കണ്ണ് വെട്ടിച്ച് മണ്ണുമായി എത്തുന്ന ടിപ്പര്‍ ലോറി പിടിച്ചെടുത്ത് നിയമ നടപടി സ്വീകരിക്കണമെന്നും കര്‍മ സമിതി ചെയര്‍മാന്‍ കുനിയില്‍ മനോഹരന്‍, കണ്‍വീനര്‍ വടക്കയില്‍ റഫിക്ക് എന്നിവര്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് തഹസില്‍ദാര്‍ക്കും ആര്‍ഡിഒവിനും നിവാരണ കര്‍മ സമിതി പരാതി നല്‍കി.

Show More

Related Articles

Back to top button
error: Content is protected !!