News

വിവാഹം ലളിതമാക്കി; നീക്കിവെച്ച തുക സിഎച്ച് സെന്ററിന്


വടകര: കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ വന്നതിനാല്‍ മകന്റെ വിവാഹം ലളിതമാക്കിയപ്പോള്‍ നീക്കി വെച്ച പണം വടകര സി.എച്ച് സെന്ററിനു നല്‍കി മാതൃകയായി. ഓര്‍ക്കാട്ടേരി കാര്‍ത്തികപ്പള്ളി കോഴിക്കോടന്‍ കണ്ടി ഹംസയാണ് മകന്‍ അംറാസിന്റെ വിവാഹം ലളിതമാക്കി നിരാലംബര്‍ക്ക് തുണയായത്.
മാര്‍ച്ച് 22 ന് വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തില്‍ വിവാഹം നടത്താനായിരുന്നു തീരുമാനം. കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി അധികാരികളുടെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് വിവാഹം ലളിതമായ ചടങ്ങില്‍ ഒതുക്കുകയും ഇതിനായി നീക്കിവെച്ച സംഖ്യ വടകര സി.എച്ച് സെന്ററിന്റെ കാരുണ്യ പദ്ധതികള്‍ക്ക് സംഭാവന ചെയ്യുകയുമായിരുന്നു ഹംസ. വടകര ജില്ലാ ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് സാന്ത്വനമേകി സഹായിക്കുന്ന പ്രസ്ഥാനമാണ് സി.എച്ച് സെന്റര്‍. ഭാരവാഹികളെ വീട്ടില്‍ വിളിച്ചു വരുത്തി ഖജാന്‍ജി പി.പി.ചെക്കന്‍ ഹാജിക്ക് ഹംസ ചെക്ക് കൈമാറി. വടകര സി.എച്ച് സെന്റര്‍ ഭാരവാഹികളായ ഒ.കെ.കുഞ്ഞബ്ദുല്ല, പി.വി.അബ്ദുറഹ്മാന്‍ മക്ക, പി.കെ.സി.അഫ്സല്‍, വരന്‍ അംറാസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Show More

Related Articles

Back to top button
error: Content is protected !!