NewsVatakara

ലോക്ക്ഡൗണ്‍: വടകരയില്‍ 11 പേര്‍ അറസ്റ്റില്‍


വടകര: ലോക്ക്ഡൗണ്‍ നിര്‍ദേശം പാലിക്കാതെ നഗരത്തിലിറങ്ങിയ പതിനൊന്നു പേരെ വടകര പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചു കേസുകളിലായാണ് അറസ്റ്റ്.
ലോക്ക്ഡൗണ്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം അവഗണിച്ച് അനാവശ്യമായി പുറത്തിറങ്ങിയതിനാണ് നടപടി. വടകരയില്‍ പലയിടത്തും യാതൊരു കാര്യവുമില്ലാതെ ബുധനാഴ്ചയും ആളുകള്‍ പുറത്തിറങ്ങുകയുണ്ടായി.
സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ നഗരത്തില്‍ ആള്‍ തിരക്ക്തന്നെ അനുഭവപ്പെട്ടു. ബുധനാഴ്ച രാവിലെ മാര്‍ക്കറ്റ് റോഡിലും പരിസരത്തും നിരവധി പേരാണ് എത്തിച്ചേര്‍ന്നത്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ അവശ്യസാധനങ്ങള്‍ വാങ്ങാനും മറ്റുമായി ആളുകള്‍ കൂട്ടത്തോടെ ഇറങ്ങിയത് പുതിയ കാഴ്ചയായി. ആരും പുറത്തിറങ്ങില്ലെന്നു കരുതിയെങ്കിലും വാഹനങ്ങളിലായി നിരവധി പേരാണ് എത്തിച്ചേര്‍ന്നത്. വിരലിലെണ്ണാവുന്ന പോലീസുകാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. വീട്ടിലേക്ക് വേണ്ട അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനെത്തിയതാണെന്ന് ഇവര്‍ മറുപടി നല്‍കി. പക്ഷേ നിശ്ചിത അകലം പാലിക്കാതെയാണ് കടകള്‍ക്കു മുന്നില്‍ ആളുകള്‍ നിലയുറപ്പിച്ചിരുന്നത്. പിന്നീട് കൂടുതല്‍ പോലീസെത്തിയാണ് ആളുകളെ നിയന്ത്രിച്ചത്. ആരും കൂടിയാലോചിച്ച് വന്നതല്ലെന്നും ആവശ്യക്കാര്‍ ഓരോരുത്തരായി എത്തിയപ്പോള്‍ ഇവരുടെ എണ്ണം കൂടിയതാണെന്നും ആളുകള്‍ പറഞ്ഞു. പിന്നീടാണ് വടകരയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പോലീസ് പതിനൊന്നു പേരെ അറസ്റ്റ് ചെയ്തത്.

Show More

Related Articles

Back to top button
error: Content is protected !!