KoyilandyNews

കൊയിലാണ്ടിയില്‍ 6 ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ സജ്ജം


കൊയിലാണ്ടി: ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ കൊയിലാണ്ടിയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നടപടികള്‍ കൈക്കൊണ്ടുവരുന്നതായി കെ.ദാസന്‍ എം.എല്‍.എ അറിയിച്ചു. കൊയിലാണ്ടി നിയോജക മണ്ഡലം പരിധിയിലെ ജില്ലാ ഭരണകൂട നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രാവിലെ തഹസില്‍ദാരുമായി ആലോചനാ യോഗം ചേര്‍ന്നിരുന്നു. പുതിയ ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ കൊയിലാണ്ടിയില്‍ സജ്ജമാക്കിയതായും എം.എല്‍.എ അറിയിച്ചു.
ഇനി മുതല്‍ കേരളത്തിന് പുറത്ത് നിന്നും വരുന്ന നിരീക്ഷണത്തില്‍ കഴിയേണ്ടവരെ വീടുകളിലേക്ക് വിടാതെ ഈ ഐസൊലേഷന്‍ ക്യാമ്പുകളില്‍ പാര്‍പ്പിക്കണമെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സൗകര്യം ഒരുക്കുന്നത്. അതത് വില്ലേജ് ഓഫീസര്‍മാര്‍ക്ക് ആണ് ഓരോ കേന്ദ്രങ്ങളുടെയും ചുമതല. ഇവര്‍ക്ക് വേണ്ട ഭക്ഷണം നല്‍കാന്‍ കുടുംബശ്രീയെ ഏല്‍പ്പിച്ചു കഴിഞ്ഞു. കൊയിലാണ്ടി താലൂക്കില്‍ ശ്രീ.നിത്യാനന്ദ മര്‍മ്മചികിത്സാലയം കോതമംഗലം, ടി.കെ.റസിഡന്‍സി കൊയിലാണ്ടി, സ്‌നേഹിത കൊയിലാണ്ടി, ശ്രീസത്യസായിപീഠം നന്തി ബസാര്‍, തീര്‍ഥ ഹോട്ടല്‍ പയ്യോളി, എം.എം.സി മൊടക്കല്ലൂര്‍ എന്നീ കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തില്‍ തെരെഞ്ഞെടുത്തത്. എല്ലായിടത്തും കൂടി 250 ല്‍ അധികം പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. കൂടുതല്‍ സൗകര്യങ്ങള്‍ വേണ്ടിവരികയാണെങ്കില്‍ ഇതുസംബന്ധിച്ച പട്ടിക തയ്യാറാക്കിക്കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ശ്രീ.നിത്യാന്ദ മര്‍മ്മചികിത്സാലയം ആദ്യം ഉപയോഗപ്പെടുത്തും.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ച പുതിയ ആംബുലന്‍സ് ഏത് അടിയന്തര ഘട്ടത്തിലും ഉപയോഗിക്കാനായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലോക്ഡൗണിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താനായി മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസര്‍മാരും വാഹനത്തില്‍ പോലീസുകാരുടെ സഹായത്തോടെ പെട്രോളിംഗ് നടത്തുന്നുണ്ട്. ഇവിടെ കഴിയുന്ന ഇതര സംസ്ഥാനക്കാര്‍ ആരും തന്നെ സ്വദേശത്തേക്ക് പോകാന്‍ ഒരുങ്ങരുത് എന്ന് അറിയിക്കുകയാണ്. വീടുകളില്‍ ഭക്ഷണവും മരുന്നും ലഭിക്കാത്ത അവസ്ഥയുണ്ടെങ്കില്‍ ആയത് പരിശോധിക്കാന്‍ വാര്‍ഡ് മെമ്പര്‍മാരെ ചുമതലപ്പെടുത്താന്‍ പ്രസിഡന്റ്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തെരുവോരങ്ങളില്‍ കഴിയുന്നവരെ നഗരസഭ ഇടപെട്ട് മാറ്റിപാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. അനാവശ്യമായി പുറത്തിറങ്ങുന്ന പ്രവണത ജനങ്ങള്‍ ഒഴിവാക്കി കഴിയാവുന്നത്ര വീടുകളില്‍ തന്നെ കഴിയാന്‍ ശ്രമിക്കണമെന്ന് എം.എല്‍.എ അഭ്യര്‍ഥിച്ചു.

Show More

Related Articles

Back to top button
error: Content is protected !!