KuttiadyNews

പ്രതികൂല കാലാവസ്ഥയില്‍ നാടിനൊപ്പം നടന്നു യുവധാര പ്രവര്‍ത്തകര്‍


കുറ്റ്യാടി: പ്രതികൂല കാലാവസ്ഥയിലൂടെ കടന്നു പോകുന്ന നാടിനൊപ്പം നടന്നു നീങ്ങുകയാണ് തൊട്ടില്‍ പാലം മൂന്നാം കൈയ്യിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍. കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി കടകള്‍ അടച്ച സാഹചര്യത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ പല വ്യഞ്ജന സാധനങ്ങള്‍ വീട്ടില്‍ എത്തിച്ചു കൊടുക്കുകയാണ് ഇവര്‍.
ആളുകള്‍ കൂട്ടംകൂടി സാധന സാമഗ്രികള്‍ വാങ്ങാന്‍ അങ്ങാടികളില്‍ എത്തുന്നത് ഒഴിവാക്കാനും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളിലെ മറ്റ് അംഗങ്ങള്‍ക്ക് പുറത്തിറങ്ങാനും കഴിയാത്ത സാഹചര്യത്തിലാണ് യുവധാര പ്രവര്‍ത്തകര്‍ അവശ്യ സാധനങ്ങള്‍ വീടുകളില്‍ എത്തിച്ച് കൊടുക്കുന്നത്. കൊറോണ ജാഗ്രതാ നിര്‍ദ്ദേശം അനുസരിച്ച് വീടുകളില്‍ തന്നെ കഴിയുന്നവര്‍ക്കും സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നുണ്ട് .കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുന്ന യുവധാര ഓണ്‍ലൈന്‍ കൂട്ടായ്മയിലൂടെ സാധനങ്ങള്‍ ആവശ്യമുള്ളവര്‍ ഓര്‍ഡര്‍ നല്‍കുന്നതനുസരിച്ചാണ് സാധനങ്ങള്‍ എത്തിക്കുന്നത്. സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരുടെ വീടുകളില്‍ തികച്ചും സൗജന്യമായാണ് പ്രവര്‍ത്തകര്‍ അവശ്യ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നതെങ്കില്‍ മറ്റുള്ളവരില്‍ നിന്ന് സാധനങ്ങളുടെ പൈസ അല്ലാതെ യാത്രാക്കൂലി ഈടാക്കുന്നില്ല
വാഹന ഗതാഗതം പ്രയാസമായതിനാല്‍ കോഴിക്കോട് പോലെയുള്ള സ്ഥലങ്ങളില്‍ നിന്നു മാത്രം ലഭിക്കുന്ന മരുന്നുകളും ഇവര്‍ എത്തിച്ചു കൊടുക്കുന്നുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നാടിന്റെ ഹൃദയത്തുടിപ്പായ ഈ കൂട്ടായ്മ കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാനായി ജനങ്ങള്‍ക്കൊപ്പം അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അവശ്യ സാധനങ്ങള്‍ വീട്ടില്‍ എത്തിക്കുന്ന പ്രവര്‍ത്തനത്തിന് വി.പി.റെനീഷ്, എന്‍.സി.ക്ലിനോയ്, പി.എം.പ്രവീണ്‍, എം.അമല്‍, ശ്യാമിന്‍ ലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു

Show More

Related Articles

Back to top button
error: Content is protected !!