Business

ആദായ നികുതി: അവസാന തിയതി ജൂണ്‍ 30 ലേക്ക് നീട്ടി


ന്യൂഡല്‍ഹി: 2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി അടയ്ക്കാനുള്ള അവസാന തിയതി ജൂണ്‍ 30 ലേക്ക് നീട്ടിയതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. ആദായനികുതി അടയ്ക്കാന്‍ വൈകുന്നവര്‍ക്കുള്ള പിഴ 12ല്‍ നിന്ന് ഒമ്പതു ശതമാനമായി കുറച്ചു.
ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള തിയതി ജൂണ്‍ 30 ലേക്ക് മാറ്റി. നേരത്തെ മാര്‍ച്ച് 31 ആയിരുന്നു അവസാന തീയതി. നികുതിദായകരുടെ എല്ലാ രേഖകളും പരാതികളും സമര്‍പ്പിക്കാനുള്ള തീയതി ജൂണ്‍ 30 ആയി നീട്ടി.
മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ജിഎസ്ടി നികുതികള്‍ അടയ്ക്കാനുള്ള സമയപരിധിയും ജൂണ്‍ 30 ആക്കി. 5 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികള്‍ക്ക് യാതൊരു പിഴയും അടയ്‌ക്കേണ്ട. വിവാദ് സേ വിശ്വാസ് നികുതി തര്‍ക്കവും ജൂണ്‍ 30 വരെ പരിഹരിക്കാം.
സേവിങ്‌സ് അക്കൗണ്ടുകളുടെ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗത്തിനു നിയന്ത്രണമില്ല. അടുത്ത മൂന്നുമാസത്തേക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഏതു ബാങ്കിന്റെ എടിഎമ്മില്‍നിന്നും പണം പിന്‍വലിക്കാം. പണം പിന്‍വലിക്കുന്നതിന് അധിക ചാര്‍ജ് ഈടാക്കുകയില്ല.
കയറ്റുമതി-ഇറക്കുമതി മേഖലയ്ക്ക് ആശ്വാസം. കസ്റ്റംസ് ക്ലിയറന്‍സ് അവശ്യ സേവനമാക്കി. ജൂണ്‍ 30 വരെ കസ്റ്റംസ് ക്ലിയറന്‍സ് എല്ലാ ദിവസവും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കും. കമ്പനികളുടെ ബോര്‍ഡ് മീറ്റിങ് കൂടാനുള്ള സമയപരിധി 60 ദിവസമാക്കി.

Show More

Related Articles

Back to top button
error: Content is protected !!