NewsTrendingVatakara

കോഴിക്കോട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ്-19

കോഴിക്കോട്: രണ്ടു പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണം നാലായി. രണ്ടു പേരും ദുബായില്‍ നിന്നെത്തിയതാണെന്ന് കളക്ടര്‍ അറിയിച്ചു. ഇവരുടെ റൂട്ടു മാപ്പും പുറത്തുവിട്ടു.
ഇവരില്‍ ഒരാള്‍ മാര്‍ച്ച് 17 ന് ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ 6ഇ: 89 ദുബായില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 10.15നാണ് എത്തിയത്. അവിടെ നിന്നു സ്വകാര്യ വാഹനത്തില്‍ വീട്ടിലേക്ക് പോയ ഇയാള്‍ വീട്ടില്‍ ഐസോലേഷനില്‍ കഴിയുകയും പിന്നീട് സ്വന്തം വാഹനത്തില്‍ നാദാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സതേടുകയുമായിരുന്നു.
ഡോക്ടര്‍ വീട്ടില്‍ ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് പതിനേഴ് മുതല്‍ 21-ാം തിയതി വരെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് 21ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുകയും അവിടെ നിന്ന് ഉടന്‍ തന്നെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തു.
നാലാമത്തെ വ്യക്തി മാര്‍ച്ച് 20നാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ (AI 906) ദുബായില്‍ നിന്നു ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 4.30ന് എത്തിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാവിലെ 5.30ന് ചെന്നൈ പട്ടണത്തിലെത്തിയ ഇയാള്‍ രാവിലെ 5.30 മുതല്‍ രാത്രി 8 മണി വരെ സുഹൃത്തിന്റെ വാടക വീട്ടില്‍ കഴിഞ്ഞു. രാത്രി 8.00 നും 8.30നും ഇടയില്‍ എംജിആര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു ചെന്നൈ-മംഗലാപുരം മെയ്ല്‍ (12601) ട്രെയിനിന്റെ B3 കോച്ചില്‍ യാത്ര ചെയ്ത് 21.03.2020ന് രാവിലെ 7.35ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോം നമ്പര്‍ നാലില്‍ എത്തി. റെയില്‍വേ സ്റ്റേഷനിലെ കൊറോണ ഹെല്‍പ് ഡെസ്‌കിലെ പരിശോധനക്ക് ശേഷം 108 ആംബുലന്‍സില്‍ രാവിലെ 8 മണിയോടെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇത് കൂടാതെ കോവിഡ് 19 സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശിയായ ഒരാള്‍കൂടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. മാര്‍ച്ച് 19 നാണ് കാസര്‍കോട് സ്വദേശി എയര്‍ ഇന്ത്യ എ.ഐ 938 വിമാനത്തില്‍ ദുബായില്‍ നിന്നു കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തിലെ നിന്നു 9.30 ന് 108 ആംബുലന്‍സ് സര്‍വീസില്‍ നേരിട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും അവിടെ നിന്ന് ഉടന്‍ തന്നെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തു.

Show More

Related Articles

Back to top button
error: Content is protected !!