Business

കൃഷി പരിപാലനത്തില്‍ സചീന്ദ്രനും രതിയും മാതൃകയാവുന്നു


വടകര: വീടിന്റെ മട്ടുപ്പാവിലും മുറ്റത്തും പച്ചക്കറി കൃഷി ചെയ്ത് മാതൃകയാവുകയാണ് കസ്റ്റംസ്‌റോഡ് അഞ്ചുകണ്ടത്തിലെ സചീന്ദ്രന്‍-രതി ദമ്പതികള്‍. നാലു സെന്റ് മാത്രമായതിനാല്‍ സ്ഥലമില്ലെന്നു പറഞ്ഞ് മാറിനില്‍ക്കുന്നവര്‍ ഇവരെ കണ്ടുപഠിക്കേണ്ടതാണ്. വീടിനോട് ചേര്‍ന്ന ഇടുങ്ങിയ വഴിയും ടെറസിലെ വിസ്താരം കുറഞ്ഞ സ്ഥലവും ഇവര്‍ പച്ചക്കറി കൃഷിക്കു വേണ്ടി ഉപയോഗിക്കുകയാണ്.
ചീര, വെണ്ട, വെള്ളരി, കയപ്പ, കക്കിരി, പയര്‍ എന്നിവയെല്ലാം കൃഷി ചെയ്തുകഴിഞ്ഞു. മൂന്നു മാസം പിന്നിട്ടപ്പോഴേക്കും ഇവയെല്ലാം വിളഞ്ഞ് പറിക്കാന്‍ പാകമായിരിക്കുകയാണ്. ശരിക്കും നൂറുമേനി എന്നു പറയാം. സ്വന്താവശ്യത്തിന് ഉപയോഗിക്കുന്നതോടൊപ്പം സുഹൃത്തുക്കള്‍ക്കും അയല്‍വാസികള്‍ക്കും നല്‍കാനും മറക്കുന്നില്ല. ഓട്ടോഡ്രൈവറായ സചീന്ദ്രന്‍ രാവിലെ ജോലിക്കു പോകും മുമ്പെയാണ് കൃഷി പരിപാലനം. ഗുണമേന്മയുള്ള വിത്തും ജൈവവളവും ഉപയോഗിക്കുന്നതോടൊപ്പം എന്നും കൃത്യമായി ശ്രദ്ധിക്കുന്നതിനാല്‍ നല്ല ഫലവും ലഭിക്കുന്നു. ഇവക്ക് വെള്ളം ഒഴിക്കാനും വളം ചേര്‍ക്കാനും കള പറിക്കാനും തുനിയുമ്പോള്‍ വേറിട്ട സുഖം തോന്നുന്നുവെന്നു സചീന്ദ്രന്‍ പറഞ്ഞു. വളര്‍ച്ചക്കനുസരിച്ച് ഓരോ ദിവസവും ഇവയിലുണ്ടാകുന്ന മാറ്റം കാണുക രസമുള്ള കാര്യമാണ്. പാകമാവുന്ന അവസ്ഥയിലെത്തുമ്പോള്‍ നിര്‍വൃതി വേറെതന്നെയാണ്.
സ്വന്തമായി കിണറില്ലാത്തതിനാല്‍ വെള്ളം ചുമന്നെടുത്താണ് കൃഷി നനവ്. കസ്റ്റംസ്‌റോഡിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ജീവനക്കാരിയായ ഭാര്യ രതിയും കൃഷി പരിപാലനത്തില്‍ സജീവമാണ്. പച്ചക്കറികൃഷിയോടൊപ്പം നല്ല പൂന്തോട്ടവും ഇവരുടെ മുറ്റത്തുണ്ട്. കൃഷിയും പൂന്തോട്ടവും മത്സരിച്ച് പരിപാലിക്കുകയാണ് ഈ ദമ്പതികള്‍.

Show More

Related Articles

Back to top button
error: Content is protected !!