Art&Literature

‘ആസാദി’ ഈ കവിതകള്‍ മരുന്നുകള്‍ക്കും അപ്പുറത്തെ മരുന്ന്- കെ.ഇ.എന്‍

യുവകവി അനൂപ് അനന്തന്റെ കവിതാ സമാഹാരം ‘ആസാദി’ വര്‍ത്തമാനകാലത്ത് രോഷത്തിന്റെയും പ്രതിഷേധത്തിന്റെയും സമരരൂപങ്ങള്‍ക്കു വിത്തും വളവുമാവുകയാണ്. പൊള്ളുന്നതും നൊമ്പരപ്പെടുത്തുന്നതുമായ യാഥാര്‍ഥ്യങ്ങള്‍ വരച്ചുകാട്ടിക്കൊണ്ട് ‘ആസാദി’ അനുവാചകരില്‍ ആഴ്ന്നിറങ്ങുന്നു. മാധ്യമപ്രവര്‍ത്തകനായ അനൂപ് അനന്തന്റെ ആസാദിക്ക് കെ.ഇ.എനും പി.കെ.പാറക്കടവും ്അവതാരിക എഴുതി. കെ.ഇ.എന്റെ എഴുത്ത് ഇവിടെ പകര്‍ത്തുന്നു

അനൂപ് അനന്തന്‍ എന്ന ശ്രദ്ധയര്‍ഹിക്കുന്ന യുവകവിയുടെ ‘ആസാദി’യെന്ന സമാകാല പശ്ചാത്തലത്തെ അസ്വസ്ഥതപ്പെടുത്തുന്ന കാവ്യസമാഹാരത്തെ കവിതകൂട്ടം മാത്രമായല്ല, ജീവിതക്കൂട്ടിന്റെ കരുത്തും കാന്തിയുമായാണ് തിരിച്ചറിയേണ്ടത്. രോഗബാധിതമായൊരു കാലത്ത് ചികിത്സക്കുള്ള ഔഷധങ്ങള്‍ എന്ന നിലയിലാണ് അനൂപിന്റെ കവിതകള്‍ ഒരോന്നും നിറഞ്ഞു നില്‍ക്കുന്നത്. എത്രമേല്‍ തളര്‍ന്നാലും തളരുകയില്ലെന്ന സമരോത്സുക ശുഭാപ്തി വിശ്വാസത്തിന്റെ വീര്യവും എത്രമേല്‍ പിളര്‍ത്താന്‍ ശ്രമിച്ചാലും ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കുമെന്ന പുളകവുമാണത് ആവേശപൂര്‍വം പകുക്കുന്നത്.
പീഡിപ്പിക്കുന്ന ഒരേകാന്തതയില്‍ പൊടിയുമ്പോള്‍ വിദൂരതയില്‍ നിന്നും കാതോര്‍ത്താല്‍ മാത്രം കേള്‍ക്കുന്ന ഒരു കാലൊച്ച ആശയും ആവേശവുമാകുന്നത് പോലെയാണ് നിരാശഭരിതമാകുന്ന ഒരു കാലത്ത് അനൂപിന്റെ ‘ആസാദി’യെന്ന കാവ്യസമാഹാരം ആവേശത്തിന്റെയും ആവേശസ്രോതസ്സായി മാറുന്നത്.
അവസാനത്തെ ആശുപത്രിയിലും മരുന്ന് തീരുമ്പോള്‍ അഗാധമായ സൗഹൃദവും സാന്ത്വനവും മരുന്നുകള്‍ക്കും അപ്പുറത്തെ മരുന്നായി മാറുന്നത് എപ്രകാരമാണ് അപ്രകാരമാണ് അനൂപിന്റെ ആസാദി കവിതകള്‍ സ്വന്തം കാലത്തെ സൗഹൃദപ്പെടുത്തുന്നത്.
വാക്ക് കവിയതയാവുന്നത്, ഒരു വഴിയിലും ഒടൂങ്ങാതെ പലവഴിയായി അത് വിസ്തൃതപ്പെടുമ്പോഴാണ്.
”പഥ്യമാം വാക്കാല്‍, ആത്മസ്പര്‍ശിയാം ഭാവങ്ങളാല്‍, ഹൃദ്യമാം സംഗീതത്താല്‍ സത്യത്തിന്‍ മരുന്നാലും, അകമേ പരിണാമം വരുത്തി, സ്വാസ്ഥ്യം നരര്‍ക്കരുളാന്‍ കവിത പോല്‍ മറ്റുണ്ടോ ശുശ്രൂഷിക? ‘
എന്ന വൈലോപ്പള്ളിയുടെ കാവ്യദര്‍ശനത്തിനൊപ്പമാണ് അനൂപിന്റെ ആസാദി കവിതയും നിലയുറപ്പിക്കുന്നത്. സസ്യാഹാരത്തെ കുറിച്ച് എപ്പോഴും ആലോചിക്കേണ്ടതുണ്ടെങ്കിലും രോഗികളാകുമ്പോഴാണ് പൊതുവില്‍ ചിന്തിക്കുക. സത്യത്തില്‍ അനൂപിന്റെ വാക്കുകള്‍ നമ്മുടെ കാലം കേള്‍ക്കാന്‍ കൊതിക്കുന്ന, അനിവാര്യമായും കേള്‍ക്കേണ്ട സത്യമായ വാക്കുകളാണ്.
ഫ്രാന്‍സ് ഫാനന്റെ ‘ഭൂമിയിലെ പതിതര്‍’ എന്ന പുസ്തകത്തിന്റെ അവതാരികയില്‍ ഴാങ്ങ് പോള്‍ സാര്‍ത്ര്, ഫ്രാന്‍സ് എന്ന മഹത്തായ രാഷ്ട്രം ഒരു മാറാരോഗത്തിന്റെ പേരായി മാറാതിരിക്കാനുള്ള ജാഗ്രതയുടെ ആവശ്യകത അമര്‍ത്തി പറഞ്ഞിട്ടുണ്ട്. ഇന്നത്തെ ഇന്ത്യന്‍ ഫാഷിസ്റ്റ് കാലത്തെ കാവ്യാത്മകമായി അനുഭവിപ്പിക്കുകയാണ് ആസാദിയില്‍ യുവകവിയും പത്രപ്രവര്‍ത്തകനുമായ അനൂപ്.
പൗരത്വനഷ്ട ഭീതിയുടെ ആഴങ്ങളാണ് ആസാദി കവിതകളില്‍ അനാടംഭരമായി എന്നാല്‍, അതിശക്തമായി ആവിഷ്‌കരിച്ചിരിക്കുന്നത്. ഫാഷിസ്റ്റ് ആക്രോശങ്ങളെ അഭിമുഖീകരിച്ച് കൊണ്ട് ആസാദി കവിതകള്‍ പങ്കുവെക്കുന്നത് ഞങ്ങള്‍ അതിജീവിക്കുമെന്ന സമരോല്‍സുക ശുഭാപ്തി വിശ്വാസത്തിന്റെ ധീരമായ സത്യവും ഹൃദയസ്പര്‍ശിയായ സൗന്ദര്യവുമാണ്.

Show More

Related Articles

Back to top button
error: Content is protected !!