NewsTrendingVatakara

വടകര-തൊട്ടില്‍പാലം റൂട്ടില്‍ ബസ് പണിമുടക്ക് തുടങ്ങി


വടകര: കൈനാട്ടിയില്‍ ബസ് കണ്ടക്ടറെ ഓട്ടോറിക്ഷ ഓടിച്ചുകയറ്റി അപായപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കൈക്കൊണ്ട നടപടിയില്‍ പ്രതിഷേധിച്ച് വടകര-തൊട്ടില്‍പാലം റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളി പണിമുടക്ക് തുടങ്ങി. ഈ റൂട്ടിലെ നൂറോളം ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. സമരം യാത്രക്കാരെ വലച്ചു.
ട്രേഡ് യൂനിയനുകള്‍ ഔപചാരികമായി പ്രഖ്യാപിച്ചില്ലെങ്കിലും സമരം നടത്താന്‍ തൊഴിലാളികള്‍ തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ച ഈ റൂട്ടിലെ ബസുകള്‍ ഓടിക്കേണ്ടതില്ലന്ന് തൊഴിലാളികള്‍ യോഗം ചേര്‍ന്നു നിശ്ചയിച്ചതിന്റെ തുടര്‍ച്ചയായാണ് ബസ് സര്‍വീസ് നിലച്ചത്. കെഎസ്ആര്‍ടിസിയും തലശേരി റൂട്ടിലെ സ്വകാര്യബസുകളും ഓടുന്നുണ്ട്.
സമാന്തര സര്‍വീസ് നടത്തിയ ഓട്ടോറിക്ഷയുടെ മുന്നില്‍ നിന്നു ദൃശ്യം പകര്‍ത്തുമ്പോള്‍ ഓട്ടോ ഡ്രൈവര്‍ കണ്ടക്ടര്‍ക്കു നേരെ വാഹനം ഓടിച്ചുകയറ്റിയ സംഭവത്തില്‍ വടകര-തൊട്ടില്‍പാലം റൂട്ടിലോടുന്ന കിഴക്കയില്‍ ബസിന്റെ കണ്ടക്ടര്‍ രാജേഷിനു പരിക്കു പറ്റിയിരുന്നു. ഇതില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് തകര്‍ന്നിരുന്നു. കണ്ടക്ടര്‍ക്കു പരിക്കേറ്റതില്‍ ഓട്ടോഡ്രൈവര്‍ക്കും ഓട്ടോയുടെ ഗ്ലാസ് തകര്‍ന്നതിനു കണ്ടക്ടര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇതാണ് ബസ് തൊഴിലാളികളെ ചൊടിപ്പിച്ചതും സമരത്തിലേക്കു നയിച്ചതും. ഓട്ടോറിക്ഷ മനഃപൂര്‍വം ഇടിച്ചപ്പോള്‍ കണ്ടക്ടര്‍ ഓട്ടോയുടെ മുകളില്‍ വീണ് ഗ്ലാസ് പൊട്ടിയതാണെന്നാണ് ബസുകാര്‍ പറയുന്നത്. സമാന്തര സര്‍വീസിനെതിരെ ബസുടമകള്‍ വ്യാപക പ്രചരണം നടത്തുന്നതിനിടയില്‍ ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് പോലീസ് കൈക്കൊള്ളുന്നതെന്ന ആക്ഷേപം ബസുടമകള്‍ക്കുമുണ്ട്.

Show More

Related Articles

Back to top button
error: Content is protected !!