Education

സൂര്യഗ്രഹണം: ശാസ്ത്രസംഘം പുറമേരിയിലെത്തി


ടി.ഇ.രാധാകൃഷ്ണന്‍

നാദാപുരം: സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ സംസ്ഥാന സയന്‍സ് ടെക്നോളജി മ്യൂസിയം ആന്റ് പ്രിയദര്‍ശിനി പ്ലാനറ്റോറിയം പുറമേരിയില്‍ വേദിയൊരുക്കുന്നതിന്റെ മുന്നോടിയായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടങ്ങുന്ന സംഘം കെആര്‍എച്ച്എസ് മൈതാനം സന്ദര്‍ശിച്ചു. സയന്റിഫിക്ക് ഓഫീസര്‍ എസ്.എസ്.ശ്യാം, സുമീഷ് എന്നിവരങ്ങിയ ഉദ്യോഗസ്ഥ സംഘമാണ് പുറമേരിയിലെത്തിയത്.
രാജ്യത്ത് ദ്യശ്യമാവുന്ന ഗ്രഹണത്തിന്റെ എക്ലിപ്റ്റിക്ക് പാത നാദാപുരം, വയനാട് മേഖലകളിലാണ്. 95 ശതമാനത്തോളം ഇവിടെ ദൃശ്യമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇതേ തുടര്‍ന്ന് സയന്‍സ് ടെക്നോളജി മ്യൂസിയം അധികൃതര്‍ ഗ്രഹണം ലൈവ് ആയി നിരീക്ഷിക്കാന്‍ അനുയോജ്യമായ സ്ഥലം തേടി നാദാപുരത്തെയും വയനാട്ടിലേയും വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. പുറമേരിയാണ് അനുയോജ്യമായ സ്ഥലമായി കണ്ടെത്തിയത്.
പുറമേരിയിലെ കടത്തനാട് രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിശാലമായ ഗ്രൗണ്ടിലാണ് സൗരയൂഥത്തിലെ ദൃശ്യ വിസ്മയം കാണാനുള്ള വേദിയൊരുങ്ങുന്നത്. ഡിസംബര്‍ 26 ന് രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് നിരീക്ഷണം. സൗരോത്സവം എന്ന പേരിലാണ് സയന്‍സ് ആന്റ് ടെക്നോളജി മ്യൂസിയം ശാസ്ത്ര കൗതുക പരിപാടി സംഘടിപ്പിക്കുന്നത്. സോളാര്‍ ഫില്‍റ്ററുകള്‍, ദൂരദര്‍ശിനി, സോളാര്‍ സ്‌കോപ്പുകള്‍, പിന്‍ഹോള്‍ ക്യാമറകള്‍, ആസ്‌ട്രോ ഫോട്ടോഗ്രാഫി ഉപകരണങ്ങള്‍, സ്‌പെക്ട്രം അനലൈസര്‍, സണ്‍സ്‌പോട്ട് നിരീക്ഷണ പോയിന്റുകള്‍ എന്നീ സംവിധാനങ്ങള്‍ ഒരുക്കും.
വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ആകാശ വിസ്മയം കാണാനുള്ള അവസരം ഒരുക്കും. 5000 പേര്‍ സൗരോത്സവത്തില്‍ എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്. ജനങ്ങള്‍ക്ക് സുഖകരമായി സൂര്യഗ്രഹണം വീക്ഷിക്കുന്നതിനായി പാറക്കല്‍ അബ്ദുള്ള എംഎല്‍ എ ചെയര്‍മാനും പഞ്ചായത്ത് പ്രസിഡന്റ് കെ.അച്യുതന്‍ കണ്‍വീനറുമായി സ്വാഗത സംഘം രൂപീകരിച്ചു.

Show More

Related Articles

Back to top button
error: Content is protected !!