NewsTrending

കോഴിക്കോട് നഗരത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട; ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട് : പുതുവത്സരാഘോഷരാവിനു വീര്യം പകരാന്‍ ലക്ഷ്യമിട്ട് കോഴിക്കോട് എത്തിയ വന്‍ ലഹരിമരുന്ന് ശേഖരം പോലീസ് പിടികൂടി. നഗരത്തില്‍ രണ്ടായിരത്തി എണ്ണൂറ് ലഹരി ഗുളികകളുമായി കല്ലായി വലിയപറമ്ബില്‍ സഹറത്താണ് (43) അറസ്റ്റിലായത്. സബ് ഇന്‍സ്പെക്ടര്‍ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പന്നിയങ്കര പോലീസും നാര്‍ക്കോട്ടിക്ക് സെല്‍ അസി.കമ്മീഷണര്‍ പി സി ഹരിദാസിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും (ഡന്‍സാഫ്) ചേര്‍ന്ന് കല്ലായ് റെയില്‍വേ ഗുഡ്സ് യാഡിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. 2800-ലഹരി ഗുളികകള്‍ ഇയാളില്‍ നിന്നു കണ്ടെടുത്തു.
വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഇത്രയധികം ലഹരി ഗുളികകള്‍ ജില്ലയില്‍ എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഡോക്ടറുടെ കുറിപ്പില്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് ഇവ ലഭിക്കാറില്ല. അമിതാദായത്തിനായി നിയമവിരുദ്ധമായി ഇത്തരം ഗുളികകള്‍ കച്ചവടം ചെയ്യുന്ന ഹൈദരാബാദിലെ ചില ഷോപ്പുകളില്‍ നിന്നാണ് ഇയാള്‍ വലിയ അളവില്‍ ഈ ലഹരിമരുന്നു കോഴിക്കോട്ടെത്തിച്ചതെന്ന് പോലീസ് വെളിപ്പെടുത്തി. 24 ഗുളികകളടങ്ങിയ ഒരു സ്ട്രിപ്പിന്റെ യഥാര്‍ഥ വില 200 രൂപയില്‍ താഴെ മാത്രമാണ്. പക്ഷെ നിയമവിരുദ്ധമായി പിന്‍വാതില്‍ വഴി സ്ട്രിപ്പിന് 1300 രൂപക്കാണ് ഹൈദരാബാദിലെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഇയാള്‍ വാങ്ങിയത്. ലഹരി ഉപയോക്താക്കളായ യുവതീയുവാക്കള്‍ക്കിടയില്‍ 1800-2000 രൂപയ്ക്കാണ് വില്‍പന നടത്തുന്നതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
ആന്ധ്രയില്‍ നിന്നു ട്രെയിന്‍ മാര്‍ഗമാണ് ലഹരി ഗുളികകള്‍ ജില്ലയില്‍ എത്തിക്കുന്നത്. പോലീസിനെയും എക്സൈസിനെയും കബളിപ്പിക്കുന്നതിനായി ഗുളികകള്‍ സ്ട്രിപ്പില്‍ നിന്നു പുറത്തെടുത്ത് കവറിലാക്കിയാണ് കൊണ്ടു നടക്കാറുള്ളത്. ഈ ഗുളികകള്‍ കഠിനമായ വേദനസംഹാരിയാണ്. ഗന്ധമോ മറ്റു ലക്ഷണങ്ങളോ കാണിക്കാത്തതിനാല്‍ ഇവ ഉപയോഗിക്കുന്നവരെ കണ്ടുപിടിക്കുകയെന്നത് പ്രയാസകരമാണ്. വളരെ ചെറിയ അളവില്‍ ഉപയോഗിച്ച് തുടങ്ങുന്നവര്‍ കുറഞ്ഞ കാലയളവില്‍ തന്നെ ഈ ലഹരിക്ക് അടിമപ്പെടും. ലഹരി ഉപയോഗിക്കാത്ത അവസരത്തില്‍ ശക്തമായ ശരീരവേദനയും വിഷാദവും അനുഭവപ്പെടും. അതുകൊണ്ട് തന്നെ നിര്‍ത്താതെ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവും.

Show More

Related Articles

Back to top button
error: Content is protected !!