TourismTrending

വടക്കേ മലബാറില്‍ ഉള്‍നാടന്‍ ജല ഗതാഗതടൂറിസത്തിന് വഴിയൊരുങ്ങുന്നു

നാദാപുരം: വടക്കേ മലബാറിലെ നദികളെയും കായലുകളെയും സംയോജിപ്പിച്ച് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ഉള്‍നാടന്‍ ജല ഗതാഗത ടൂറിസത്തിന് വഴിയൊരുക്കുന്നു. 2017 ല്‍ സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ പദ്ധതി മയ്യഴി, കണ്ണൂര്‍, കാസര്‍കോട് ചന്ദ്രഗിരി പുഴകളിലൂടെയാണ് മൂന്ന് ജില്ലകളിലെ വിനോദ സഞ്ചാരത്തിന് വഴിയൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി മയ്യഴി പുഴയില്‍ പെരിങ്ങത്തൂര്‍ പാലത്തിന് സമീപം ബോട്ട് ജെട്ടി നിര്‍മ്മിക്കുന്നതിനു പൈലിംഗ് പ്രവൃത്തി ആരംഭിച്ചു.
ഏഴ് ബോട്ട് ജെട്ടികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് മയ്യഴി പുഴയില്‍ നടക്കുന്നത്. മൂന്ന് ജില്ലകളിലെയും പുഴ ഒഴുകുന്ന വഴികളിലെ ഗ്രാമീണ ജീവിതാനുഭവങ്ങളും കലകളും ഭക്ഷണ രീതികള്‍, സംസ്‌ക്കാരം എന്നിവയെല്ലാം സഞ്ചാരികളുമായി പങ്കിടുക എന്ന ലക്ഷ്യവുമാണ് ഈ പദ്ധതിക്ക് പിന്നിലുള്ളത്. കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് 365 കോടി രൂപയാണ് ചെലവ് വരുന്നത്.
ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 53 കോടി രൂപയും കേന്ദ്ര സര്‍ക്കാര്‍ 80 കോടി മുപ്പത് ലക്ഷം രൂപയും ഇതിനോടകം അനുവദിച്ചിട്ടുണ്ട്. ന്യൂ മാഹിയില്‍ നിന്നാരംഭിച്ച് പെരിങ്ങത്തൂര്‍ പുഴയില്‍ 15 കിലോമീറ്റര്‍ പരിധിയില്‍ ആറ് ബോട്ട് ജെട്ടികള്‍ ആണ് നിര്‍മിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ കാട്ടാമ്പള്ളി കടവ്-പഴയങ്ങാടി ( കണ്ടല്‍ സര്‍ക്യൂട്ട് ), പഴയങ്ങാടി-വളപട്ടണം (തെയ്യം സര്‍ക്യൂട്ട്), വളപട്ടണം -പറശ്ശിനി-മുനമ്പ് കടവ് (മുത്തപ്പന്‍ സര്‍ക്യൂട്ട്) എന്നിങ്ങനെയാണ് പുഴകളിലൂടെയുള്ള ബോട്ടുകളുടെ സഞ്ചാര പാത. കുപ്പം പുഴയിലും വളപട്ടണം പുഴയിലുമായി 29 ടെര്‍മിനലുകളും നിര്‍മ്മിക്കും. ഇവിടങ്ങളില്‍ പക്ഷി തുരുത്തുകള്‍, ഏറ് മാടങ്ങള്‍, പാര്‍ക്കിംഗ് യാര്‍ഡുകള്‍, ഫ് ളോട്ടിംഗ് ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവയും നിര്‍മിക്കും.
കോഴിക്കോട് ജില്ലയിലെ എടച്ചേരി തുരുത്തി, മൂരാട് പുഴകളെയും മയ്യഴി പുഴയെയും ബന്ധിപ്പിച്ച് നാദാപുരം, വടകര മണ്ഡലങ്ങളുടെ വിവിധ ഭാഗങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ആലോചനകള്‍ വിനോദ സഞ്ചാര വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഭരണാനുമതി ലഭിച്ച പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇവ ഏപ്രിലോടെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. സം്സ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയ പതിനേഴ് പദ്ധതികളില്‍ 15 ന്റെ പ്രവൃത്തി ആരംഭിച്ചു. 10 എണ്ണത്തിന്റെ പ്രവൃത്തി ഏപ്രിലോടെ പൂര്‍ത്തിയാകും.

-ടി.ഇ.രാധാകൃഷ്ണന്‍

Show More

Related Articles

Back to top button
error: Content is protected !!